
കുളത്തൂർ: പൊട്ടിപ്പൊളിഞ്ഞ ടെക്നോപാർക്ക് - കല്ലിംഗൽ റോഡിന്റെ നവീകരണം വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ഐ.ടി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രധാന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ബൈപ്പാസിൽ നിന്ന് കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലേക്കും അരശുംമൂട്, കുശമുട്ടം, തൃപ്പാദപുരം, കോട്ടൂർ തലവരമ്പ് ഭാഗങ്ങളിലേക്കും വേഗത്തിൽ ചെന്നെത്താൻ കഴിയുന്ന റോഡിനോടാണ് അധികൃതർ വർഷങ്ങളായി അവഗണന തുടരുന്നത്. യാത്ര ദുഷ്‌കരമായതിനാൽ ടെക്നോപാർക്ക് ഫേസ് ത്രീയിലെ ചില കമ്പനികളിലേക്കും ടാറ്റ കൺസൾട്ടൻസിയിലേക്കും ടെക്നോപാർക്ക് - കല്ലിംഗൽ റോഡ് വഴിയുള്ള പ്രവേശനകവാടം ഒന്നരവർഷത്തിന് മുൻപേ അടച്ചിരുന്നു.
നൂറുകണക്കിന് കുടുംബങ്ങളും യാത്രക്കാരുമാണ് റോഡിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. ഇതിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷനുകളും നാട്ടുകാരും അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
അറ്റകുറ്റപ്പണി നടന്നിട്ട് വർഷങ്ങൾ
വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതിനാൽ റോഡിലെ ടാറിംഗ് പൂർണമായും ഇളകിയ അവസ്ഥയിലാണ്. മഴക്കാലമാകുന്നതോടെ കാൽനടയാത്രപോലും ദുസഹമാകുന്ന അവസ്ഥയിൽ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. വൻകുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. കുഴി തിരിച്ചറിയാനാകാതെ എത്തുന്ന ഇരുചക്രവാഹനങ്ങൾക്കാണ് റോഡ് ഏറെ ഭീഷണി സൃഷ്ടിക്കുന്നത്. ഇതു കാരണം മഴപെയ്‌താൽ രണ്ടുകിലോമീറ്റർ ചുറ്റിയാണ് യാത്രക്കാർ ദേശീയപാതയിലെത്തുന്നത്.