police

തെക്കേക്കാട് (കാസർകോട്): മുത്തപ്പൻ മടപ്പുരയിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജനകീയ സമിതി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഷാജി, രമണൻ, ദാസൻ, സുകുമാരൻ, തമ്പാൻ, സായന്ത്‌, സനൽ, സുമേഷ്, സുധീഷ്, രഞ്ജു എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റു 190 ആളുകൾക്കും എതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. പൊലീസിനെ ആക്രമിക്കുകയും നിയമവിരുദ്ധമായി സംഘം ചേരുകയും കൊവിഡ് മാനദണ്ഡം ലംഘിക്കുകയും ചെയ്തതിനാണ് കേസ്. തെക്കേക്കാട് മുത്തപ്പൻ മടപ്പുര സർക്കാർ ഏറ്റെടുത്തിട്ടുമുണ്ട്. സംഘർഷം ഒഴിവാക്കാൻ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു.

മുത്തപ്പൻ മടപ്പുരയിൽ തന്നെ ജനകീയസമിതി രൂപവൽക്കരിക്കാൻ യോഗം ചേരണമെന്ന ഒരു വിഭാഗത്തിന്റെ നീക്കമാണ് കുഴപ്പം ഉണ്ടാക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസർകോട് ജില്ലാ കളക്ടർ ഡോക്ടർ ഡി സജിത് ബാബു പ്രശ്നം പരിഹരിക്കുന്നതുവരെ മുത്തപ്പൻ മടപ്പുര സർക്കാർ ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ നടത്തിപ്പ് ചുമതല കളക്ടർ ഹോസ്ദുർഗ് തഹസിൽദാരെ ഏൽപ്പിച്ചു. എം. രാജഗോപാലൻ എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ്, ചന്തേര ഇൻസ്പെക്ടർ പി. നാരായണൻ, എസ്.ഐ. മെൽവിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലാത്തിചാർജും ഗ്രനേഡും പ്രയോഗിച്ചത്. ലാത്തിച്ചാർജിൽ മൂന്ന് ജനകീയസമിതി പ്രവർത്തകർക്കും ഒരു സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റിരുന്നു.

തെക്കേ കാട്ടിലെ പി.കെ. സുമേഷ് (24), കെ. രമണി (45), കെ. നന്ദന (16) എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസ് നൽകിയ നോട്ടിസ് ധിക്കരിച്ചു ജനകീയ സമിതിക്കാർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പൊലീസ് തടയുകയായിരുന്നു. സി.പി.എം. നേതൃത്വം മുൻകൈയെടുത്തു നടത്തിയ ചർച്ചയിൽ മുത്തപ്പൻ മടപ്പുരയിൽ ഫെബ്രുവരി 28ന് നടത്തുന്ന പ്രതിഷ്ഠാദിന ആലോചന യോഗം മുത്തപ്പൻ മടപ്പുര ഭരണസമിതി മാറ്റിവച്ചിരുന്നു. ഞായറാഴ്ച തെയ്യം കഴിഞ്ഞതിനുശേഷം വൈകിട്ട് നാല് മണിക്കാണ് യോഗം വിളിച്ചിരുന്നത്. എന്നാൽ സി.പി.എം. നേതൃത്വവും പൊലീസും നൽകിയ നിർദേശം വകവെക്കാതെ ജനകീയ സമിതിക്കാർ അഞ്ചു മണിക്ക് പ്രത്യേകമായി യോഗം വിളിച്ചു ചേർത്തു.

സംഘടിച്ചെത്തിയ ഇവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പൊലീസ് തടയുകയായിരുന്നു. മുത്തപ്പൻ മടപ്പുരയിൽ യോഗം വിളിച്ച് ജനകീയ സമിതിയുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് മടപ്പുര ഭാരവാഹികളായ പി.പി. ചന്ദ്രൻ, പി.പി. രവി എന്നിവരുമായി നടത്തിയ ചർച്ചയിൽ സി.പി.എം. ഏരിയ സെക്രട്ടറി കെ.വി. സുധാകരൻ,​ ജില്ലാ കമ്മിറ്റി അംഗം വത്സലൻ എന്നിവർ അറിയിച്ചിരുന്നു. സമാധാനം നിലനിർത്താൻ രണ്ടുകൂട്ടരും യോഗം മാറ്റിവെക്കണമെന്ന നിർദ്ദേശമാണ് ഈ നേതാക്കളും നൽകിയത്. യോഗം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു ചന്തേര ഇൻസ്പെക്ടർ പി. നാരായണൻ ഇരുകൂട്ടർക്കും നോട്ടീസും നൽക്കുകയായിരുന്നു. തെക്കേക്കാട് മടപ്പുര പ്രശ്നത്തിൽ സംഘർഷം ഉണ്ടാകുമെന്നും കരുതൽ നടപടി എടുക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കനത്ത പൊലീസ് ബന്തവസ് ഏർപ്പെടുത്തിയത്.