കോവളം: തിരുവല്ലം ഇടയാറിൽ ബൈക്കിലെത്തിയ മൂന്നംഗം സംഘം പൊലീസിനെ ആക്രമിച്ചശേഷം രക്ഷപ്പെട്ടു. ബൈക്കിൽ രാത്രികാല പട്രോളിംഗിനിറങ്ങിയ പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജൻ, സി.പി.ഒ ദിനു എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി 8ഓടെ ആക്രമിച്ചത്. വാഹന പരിശോധനയ്‌ക്കിടെ പൊലീസിനെ കണ്ട മൂന്നംഗ സംഘം ഇടയാറിലെ നാരകത്തറ ഭാഗത്തേക്ക് ബൈക്കിൽ അമിത വേഗതത്തിൽ പോയി. അര മണിക്കൂറിന് ശേഷം മടങ്ങി വന്നവരെ പിടികൂടുന്നതിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. ഇവർ പാച്ചല്ലൂർ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം മൂന്നംഗ സംഘം വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടിലെ ഉപകരണങ്ങൾ പൊലീസുകാ‌ർ നശിപ്പിച്ചെന്ന് ആരോപിച്ച് വീട്ടുടമ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.