s-ramachandran-pillai

കേരളത്തിലും പശ്ചിമബംഗാളിലും തമിഴ്നാട്ടിലും അസമിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സി.പി.എമ്മിന്റെ മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള സംസാരിക്കുന്നു.

തിരഞ്ഞെടുപ്പിനെ സി.പി.എം എങ്ങനെ നോക്കിക്കാണുന്നു ?

ഈ തിരഞ്ഞെടുപ്പിന് വമ്പിച്ച അഖിലേന്ത്യാ പ്രാധാന്യമുണ്ട്. അഖിലേന്ത്യാടിസ്ഥാനത്തിൽ ഇന്ന് അധികാരത്തിലിരിക്കുന്ന ബി.ജെ.പി സർക്കാർ, നവ ഉദാരവത്കരണ സാമ്പത്തികനയങ്ങൾ വളരെ ശക്തിയായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ കെടുതി ജനങ്ങൾ അനുഭവിക്കുന്നു. ഭൂരിപക്ഷവർഗീയത അടിച്ചേല്പിക്കാനുള്ള ശ്രമമാണവർ നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ, പൗരാവകാശങ്ങൾക്ക് മേൽ വലിയ കടന്നാക്രമണം നടത്തുന്നു. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്.

പടിഞ്ഞാറൻ ബംഗാളിൽ 2011 മുതലിങ്ങോട്ട് ഇടതുപക്ഷം തകർച്ചയിലാണ് ?

പത്തുകൊല്ലമായി തുടരുന്ന,​ തൃണമൂൽ കോൺഗ്രസിനെതിരായുള്ള ജനവികാരം ഉപയോഗപ്പെടുത്താൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടവിടെ. തൃണമൂൽ കോൺഗ്രസിനെ ഭിന്നിപ്പിച്ച് ദുർബലപ്പെടുത്താനുള്ള ശ്രമവുമുണ്ട്. തൃണമൂലിനും ബി.ജെ.പിക്കുമെതിരായി മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയകക്ഷികൾ, ഇടതുകക്ഷികൾ, തിരഞ്ഞെടുപ്പിൽ പരസ്പര മത്സരം ഒഴിവാക്കി ഒരുമിച്ച് നീങ്ങണമെന്ന നിലയ്ക്കാണ് കാര്യങ്ങൾ പൊയ്ക്കൊക്കൊണ്ടിരിക്കുന്നത്. മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ

അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം ബംഗാളിലുമെത്തുകയാണ്, ബിഹാർ മോഡൽ ആവർത്തിക്കുമോ ?

എല്ലാ സംസ്ഥാനങ്ങളിലും ഒവൈസി ബി.ജെ.പിക്ക് വേണ്ടിയാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെങ്കിലും ബംഗാളിൽ അത് വിജയിക്കുമെന്ന് തോന്നുന്നില്ല. ഒവൈസി ബി.ജെ.പിയെ സഹായിക്കാനെത്തുന്നു എന്നതിനാൽ, അവിടെയുള്ള മതന്യൂനപക്ഷ സംഘടനകളെല്ലാം ശക്തിയായി അദ്ദേഹത്തെ വിമർശിക്കുന്നു.

കേരളത്തിൽ തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം ഇടതു പ്രതീക്ഷകളുയർന്നു. തുടർഭരണത്തിലെത്തുമോ ?

ബി.ജെ.പി തുടർന്നു കൊണ്ടിരിക്കുന്ന സാമ്പത്തികനയങ്ങൾക്ക് ബദലായ നയമാണ് കേരളത്തിൽ ഇടതുപക്ഷജനാധിപത്യ മുന്നണി സർക്കാരിന്റേത്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്ന ഉറച്ച മതനിരപേക്ഷ നിലപാടുമാണ്. സർക്കാരിന് വികസന, ജനക്ഷേമ പരിപാടികളിലും വലിയ നേട്ടമുണ്ടാക്കാനായി. അതിന്റെയെല്ലാം അടിസ്ഥാനത്തിൽ തീർച്ചയായും അഞ്ചുവർഷം വീതം മാറിമാറി ഭരിക്കുകയെന്ന കേരളത്തിലെ രാഷ്ട്രീയതാളത്തിൽ മാറ്റം വരും. തദ്ദേശതിരഞ്ഞെടുപ്പ് ഞങ്ങൾക്ക് കുറച്ചുകൂടി ആത്മവിശ്വാസം പകർന്നുതന്നു.

ഭരണവിരുദ്ധ വികാരം ഒരു തരത്തിലും പ്രകടമാകില്ല ?

ഒരിക്കലുമില്ല. അങ്ങനെയൊരു വികാരമില്ല. ഭരണത്തിന് അനുകൂലമായ ജനകീയവികാരമാണ് നിലനില്‌ക്കുന്നത്.

ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും ചർച്ചയാകുന്നു ?

ശബരിമല വിവാദം ഒരു നോൺ ഇഷ്യു ആണ്. ഉയർത്തിക്കൊണ്ടുവരാൻ എതിരാളികൾ ശ്രമിച്ചാലും ജനങ്ങൾക്കതറിയാം. സുപ്രീം കോടതിയുടെ മുന്നിലാണ് വിഷയമുള്ളത്. സുപ്രീംകോടതിയുടെ തീരുമാനമെന്തായിരിക്കുമെന്ന് നോക്കിയിട്ടേ പിന്നീടെന്ത് വേണമെന്ന് തീരുമാനിക്കാനാവൂ. ഇക്കാര്യത്തിൽ ഞങ്ങൾക്ക് തുറന്ന സമീപനമാണ്.

മതന്യൂനപക്ഷങ്ങളിൽ, പ്രത്യേകിച്ച് ക്രൈസ്തവരിൽ ഇടതിനോടുള്ള സമീപനത്തിൽ മാറ്റമുണ്ടായോ?

ഞങ്ങളെടുക്കുന്ന മതനിരപേക്ഷ നിലപാടിനോട് മതന്യൂനപക്ഷങ്ങളെല്ലാം പിന്തുണയും അനുഭാവവും പ്രകടിപ്പിക്കുന്നുണ്ട്. ഭൂരിപക്ഷ വർഗീയതയുടെ കടന്നാക്രമണത്തെ നേരിടാൻ ഉറച്ച മതനിരപേക്ഷ നിലപാടിനേ സാധിക്കൂ. ഇടതുപക്ഷപ്രസ്ഥാനങ്ങളാണ് ചാഞ്ചാട്ടമില്ലാത്ത മതനിരപേക്ഷ നിലപാടെടുക്കുന്നത്.

2016ലെ ഇടതുതരംഗത്തിനിടയിലും കോട്ടയം, എറണാകുളം പോലെ കത്തോലിക്കാ സ്വാധീനമേറെയുള്ള മേഖലകളിൽ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല?

കോട്ടയത്തിപ്പോൾ കുറേയേറെ മുന്നേറാനായി. എറണാകുളത്ത് വേണ്ടത്രയുണ്ടായിട്ടില്ല. അതിനെങ്ങനെ പരിഹാരം കാണണമെന്ന് ഞങ്ങൾ ആലോചിക്കുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് വേള മുതൽ മുസ്ലിംലീഗിനെതിരായ കടന്നാക്രമണം സി.പി.എം നടത്തുകയാണ്. ?

ലീഗ് ജമാ അത്തെ ഇസ്ലാമിയെ പ്രോത്സാഹിപ്പിക്കുന്നതിനെയാണ് ഞങ്ങൾ ശക്തിയായി എതിർത്തിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമി മതമൗലികവാദ നിലപാട് സ്വീകരിക്കുന്നവരാണ്. അതിന്റെ പ്രവർത്തനം ഫലത്തിൽ ബി.ജെ.പിയുടെ വളർച്ചയെ സഹായിക്കുന്നതാണ്. ലീഗും കോൺഗ്രസും അതിന് അനുകൂല നിലപാടെടുത്തു. അതിനെയാണ് ഞങ്ങൾ ശക്തിയായി വിമർശിച്ചത്.

ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ മടങ്ങിയെത്തിയിരിക്കുന്നു?

- അഖിലേന്ത്യാടിസ്ഥാനത്തിൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിലും ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഡൽഹിയിൽ നിൽക്കണമെന്നതല്ല ഇപ്പോൾ അദ്ദേഹത്തിന്റെ താത്‌പര്യം. ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് അദ്ദേഹം തയാറാകുന്നില്ല. പല നിർണായക സന്ദർഭങ്ങളിലും അദ്ദേഹം പാർലമെന്റിലുമുണ്ടായിരുന്നില്ല.

എന്തൊക്കെയായാലും കുഞ്ഞാലിക്കുട്ടിയുടെ വരവ് യു.ഡി.എഫിന് ഗുണമാകില്ലേ?

ഏയ്, വലിയ ദോഷമാണുണ്ടാവുക. മതന്യൂനപക്ഷങ്ങളുടെ താത്‌പര്യങ്ങളടക്കം ഉയർത്തിപ്പിടിക്കാൻ കുഞ്ഞാലിക്കുട്ടി തയാറാകുന്നില്ല. പകരം ജമാഅത്തെ ഇസ്ലാമി പോലുള്ള മതമൗലികവാദ നിലപാടുകളെ ശക്തിപ്പെടുത്താനാണദ്ദേഹം തയാറാകുന്നത്. ന്യൂനപക്ഷങ്ങളുടെ താത്‌പര്യങ്ങളെ ഉയർത്തിപ്പിടിക്കണമെന്നദ്ദേഹം ആഗ്രഹിക്കുന്നെങ്കിൽ സമരം നടത്തേണ്ടത് ഡൽഹിയിലാണ്.

മുസ്ലിം ജനത മതനിരപേക്ഷതയുടെയും ആത്മീയതയുടെയും പ്രതീകമായി കാണുന്ന പാണക്കാട് തറവാടിനെപ്പറ്റി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ദു:സൂചനയോടെ പ്രതികരിച്ചെന്ന ആക്ഷേപമുയരുന്നു ?

അദ്ദേഹത്തിന്റെ പ്രസംഗത്തെ വളച്ചൊടിക്കാനാണ് ലീഗും കോൺഗ്രസും ശ്രമിക്കുന്നത്. മുസ്ലിംലീഗ് സ്വീകരിച്ചുവരുന്ന ജമാഅത്തെ പ്രീണനനയം ശക്തിപ്പെടുത്താൻ നേതാക്കളവിടെ പോയെന്ന ആക്ഷേപമാണ് അദ്ദേഹമുന്നയിച്ചത്. അത് പാണക്കാട്ട് കുടുംബത്തിൽ പോകുന്നതിനെപ്പറ്റിയുള്ള ആക്ഷേപമല്ല. അതങ്ങനെയാണെന്ന് ചിത്രീകരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. കോൺഗ്രസ് ശക്തിയായി ജമാഅത്തെ ഇസ്ലാമി വിരുദ്ധനിലപാട് പ്രഖ്യാപിക്കാൻ തയാറാകണം. അതുണ്ടാകുന്നില്ല. ചില പ്രസംഗങ്ങൾ നടത്തിയാലും, പിന്നീട് ലീഗിന്റെ പ്രീണനനയത്തെ സഹായിക്കുകയാണ്. അതിനെ വിജയരാഘവൻ വിമർശിക്കുക മാത്രമാണുണ്ടായത്.

മുസ്ലിംലീഗ് പൂർണമായും വർഗീയശക്തികൾക്ക് കീഴ്പ്പെട്ടുവെന്നാണോ ?

അല്ലല്ല. തിരഞ്ഞെടുപ്പ് നേട്ടത്തിനായി അവസരവാദപരവും അപകടകരവുമായ സമീപനം സ്വീകരിക്കുന്നുവെന്നതാണ് ഞങ്ങളുടെ വിമർശനം. അതൊരു മതാധിഷ്ഠിത രാഷ്ട്രീയകക്ഷിയാണ്. പക്ഷേ അവർ എന്തിനാണ് ജമാഅത്തെ ഇസ്ലാമിയെ കൂട്ടിയിണക്കി യു.ഡി.എഫിനകത്ത് ഒരുമിച്ച് നിറുത്താൻ ശ്രമിക്കുന്നത്. അതപകടകരമാണ്.

ലീഗ് മതാധിഷ്ഠിത കക്ഷിയാണെങ്കിലും മുമ്പ് മതനിരപേക്ഷ സ്വഭാവം അതിനുണ്ടായിരുന്നു എന്നാണോ?

മതാധിഷ്ഠിത കക്ഷിയാണെങ്കിലും നേരത്തെ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളോട് ലീഗ് യോജിച്ചിരുന്നില്ല. എന്നാൽ ഇപ്പോളവരോട് ഒരുമിച്ച് ചേരുന്ന സമീപനമെടുക്കുന്നു. അതിനെയാണ് ഞങ്ങൾ വിമർശിച്ചത്.

തമിഴ്നാട്ടിൽ ലീഗും സി.പി.എമ്മിനൊപ്പം ഡി.എം.കെ സഖ്യത്തിലാണ്. കേരളമൊഴികെ മറ്റ് മൂന്നിടങ്ങളിലും കോൺഗ്രസും സി.പി.എമ്മും ഒരുമിച്ച് നിൽക്കുന്നു ?

തമിഴ്നാട്ടിൽ മുഖ്യപ്രതിപക്ഷം ഡി.എം.കെയാണ്. ഡി.എം.കെ ബി.ജെ.പിയുടെ കടന്നുവരവിനെ ശക്തിയായി പ്രതിരോധിക്കാൻ ശ്രമിക്കുന്നു. കേരളത്തിന്റെ കരുത്ത് ഞങ്ങൾക്കവിടെയില്ല. അതുകൊണ്ട് ബി.ജെ.പിയുടെ തെക്കേ ഇന്ത്യയിലെ കടന്നുവരവിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഡി.എം.കെയുടെ പരിശ്രമങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് ഞങ്ങളുടെ നിലപാട്. ബംഗാളിൽ ടി.എം.സിക്കും ബി.ജെ.പിക്കുമെതിരായ ചുമതലകളേറ്റെടുക്കാൻ ഞങ്ങൾക്ക് മാത്രമായി സാധിക്കാത്തതിനാൽ അതിന് ആരെല്ലാം മുന്നോട്ട് വരുന്നുവോ അവരുമായി ഒരുമിച്ച് നീങ്ങാൻ തീരുമാനിച്ചു. ബി.ജെ.പി ഭരിക്കുന്ന ആസാമിൽ വലിയ തോതിൽ മുസ്ലിം ന്യൂനപക്ഷങ്ങളും ട്രൈബൽ വിഭാഗങ്ങളുണ്ട്. ഇവരെയൊക്കെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൊട്ടിത്തെറിയിലേക്ക് അസം പോകും. മുമ്പെല്ലാമുണ്ടായിരുന്നത് പോലെ സംഘർഷത്തിനിട വരും. അതുകൊണ്ടാണ് ബി.ജെ.പിയുടെ ശ്രമത്തിനെതിരായി യോജിക്കാൻ തയാറാകുന്നവരുമായെല്ലാം ഒരുമിച്ച് നീങ്ങാൻ തയാറാകുന്നത്.

കേരളത്തിൽ സമീപകാല തിരഞ്ഞെടുപ്പുകളിലായി ബി.ജെ.പിയും വോട്ടുനില വർദ്ധിപ്പിക്കുന്നുണ്ട് ?

2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന സാഹചര്യത്തെ ഉപയോഗപ്പെടുത്തി കേരളത്തിൽ വളരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവരുടെ വളർച്ചയെ ഉറച്ച മതനിരപേക്ഷനിലപാട് കൊണ്ടേ നേരിടാനാവൂ. ഞങ്ങളുയർത്തിപ്പിടിക്കുന്നത് അതാണ്. ചാഞ്ചാടുന്ന, വർഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടുകാർക്കും ന്യൂനപക്ഷവർഗീയതയ്ക്കും ഇവരുടെ വളർച്ചയെ തടയാനാവില്ല. രാഷ്ട്രീയപ്രബുദ്ധരും മതനിരപേക്ഷ സ്വഭാവവുമുള്ളവരാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനത. കേരളത്തിൽ ഹിന്ദു ജനസംഖ്യ 50 ശതമാനത്തിനടുത്തും മറ്റ് ന്യൂനപക്ഷങ്ങളെല്ലാം ചേർന്ന് ഏതാണ്ട് അമ്പത് ശതമാനത്തിനടുത്തുമുണ്ട്. സൗഹാർദ്ദത്തോടെ കേരളത്തിലെ ജനത കഴിഞ്ഞുവരുന്നതിനെ അപകടത്തിലാക്കാനാണ് ബി.ജെ.പിയും ജമാ അത്തെ ഇസ്ലാമിയും ശ്രമിക്കുന്നത്. അതുകൊണ്ടാണിതിനെ ഞങ്ങൾ ശക്തിയായി എതിർക്കുന്നത്.

പരമ്പരാഗത ഇടത് ശക്തികേന്ദ്രങ്ങളിലടക്കം ബി.ജെ.പി കടന്നുകയറ്റമുണ്ടായത് പിന്നാക്ക ജനവിഭാഗങ്ങളിൽ നിന്നുള്ള വോട്ട് ചോർച്ച കൊണ്ടാണെന്ന് കരുതിയാൽ?

പല ഘടകങ്ങളാലാണ് താത്‌കാലികമായി ചില പ്രദേശങ്ങളിൽ ബി.ജെ.പിക്ക് കടന്നുവരാനായത്. പ്രധാനപ്പെട്ട രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വിഷയങ്ങളുയർത്തി ബി.ജെ.പി കടന്നുകയറുന്നതിനെയും യു.ഡി.എഫിനെയും പിറകോട്ട് തള്ളിമാറ്റാനാവും. ദേശീയ, സംസ്ഥാനാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ വിഷയങ്ങൾ തദ്ദേശതിരഞ്ഞെടുപ്പിൽ പ്രധാനമാണെങ്കിലും പ്രാദേശികമായ വിഷയങ്ങൾക്കും പ്രാധാന്യമുണ്ട്. ആ നിലയിൽ ചിലേടത്തൊക്കെ അവർക്ക് കടന്നു കയറാനായിട്ടുണ്ടെന്നത് ഞങ്ങൾ കാണുന്നു. ഈ തിരഞ്ഞെടുപ്പിൽ തീർച്ചയായും അതിന് പരിഹാരം കാണാനാകും.

ഇടതുമുന്നണി 2016ലെ നില ആവർത്തിക്കുമെന്നാണോ?

അതിനെക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്നുള്ളതാണ് ഞങ്ങളുടെ പ്രതീക്ഷ.