ss

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം മംഗലാപുരം മൾട്ടി ആക്സിൽ സ്‌കാനിയ എ.സി സർവ്വീസിൽ ആൾമാറാട്ടം നടത്തിയതിനും, ബോണ്ട് സർവ്വീസിലെ ട്രാവൽ കാർഡ് വിതരണത്തിൽ തിരമറി കാട്ടിയതിനും 5 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ജനുവരി 31ന് വൈകിട്ട് ആറ് മണിക്കുള്ള മംഗലാപുരം മൾട്ടി ആക്സിൽ സ്‌കാനിയ എ.സി. സർവ്വീസിൽ പോസ്റ്റ് ചെയ്തിരുന്നത് ഡ്രൈവർ കം. കണ്ടക്ടർമാരായ കെ.ടിശ്രീരാജ്, വി.എം. ബിജീഷ് എന്നിവരെയാണ്. എന്നാൽ, കണ്ടക്ടർ .ബിജീഷ്, ഈ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ എം. സന്ദീപിനെ മേലധികാരികളുടെ അറിവില്ലാതെ ശ്രീരാജുമായി ചേർന്ന് കണ്ടക്ടർ ചുമതലയേൽപ്പിച്ച് സർവ്വീസ് നടത്തി. കൊല്ലം വിജിലൻസ് വിഭാഗം ഇൻസ്‌പെക്ടർമാർ ബസിൽ പരിശോധന നടത്തവെ, വേ ബില്ലിലും , ലോഗ് ഷീറ്റിലും ജീവനക്കാരുടെ ഐഡി കാർഡിലിലും പേരുകളിൽ വ്യത്യാസം കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് മൂവരേയും സസ്‌പെന്റ് ചെയ്തത്.

കാട്ടാക്കട യൂണിറ്റിലെ ബോണ്ട് ട്രാവൽ കാർഡുകൾ വിതരണത്തിലെയും, കാഷ് കൗണ്ടറിൽ

പണമടച്ചതിലെയും ക്രമക്കേട് സംബന്ധിച്ച നെടുമങ്ങാട് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് കണ്ടക്ടർമാരായ എ. അജി, എം.സെയ്ദ് കുഞ്ഞ് എന്നിവരെ സസ്പെൻഡ് ചെയ്തത്.