revenue

കാഞ്ഞങ്ങാട്: അഞ്ച് വർഷത്തിനിടെ റവന്യു വകുപ്പ് അടിമുടി പരിഷ്‌കരിച്ചപ്പോൾ ജില്ലയിലെ ഓഫീസുകളുടെ മുഖച്ഛായ തന്നെ മാറി. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രതിനിധാനം ചെയ്യുന്ന ജില്ലയിൽ മുൻപൊരിക്കലുമില്ലാത്ത നേട്ടമാണ് റവന്യു വകുപ്പ് കൈവരിച്ചത്. കാസർകോട് റവന്യു ഡിവിഷൻ, വെള്ളരിക്കുണ്ട് മിനി സിവിൽ സ്‌റ്റേഷൻ, 28 സ്മാർട്ട് വില്ലേജ് ഓഫീസുകൾ, 10 വില്ലേജ് ക്വാർട്ടേഴ്സുകൾ, 20 വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണി, 19 വില്ലേജ് ഓഫീസുകൾക്ക് അഡീഷണൽ മുറികൾ തുടങ്ങി കഴിഞ്ഞ അഞ്ചു വർഷക്കാലം ജില്ലയിലെ റവന്യൂ വകുപ്പ് സമാഹരിച്ചത് സമാനതകളില്ലാത്ത നേട്ടമാണ്.

കാസർകോട് ആർ.ഡി.ഒ കോംപ്ലക്സിന് നാല് കോടിയാണ് അനുവദിച്ചത്. കരിന്തളം,തായന്നൂർ വില്ലേജ് ഓഫീസുകളിലെ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി രണ്ടാം വാരം നടത്തും. വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനും ഉദ്ഘാടനത്തിന് ഒരുങ്ങി. പദ്ധതിയുടെ ചുമതല സംസ്ഥാന ഭവന നിർമ്മാണ ബോർഡിനാണ്. 2016-17 ബജറ്റിലാണ് മിനി സിവിൽ സ്‌റ്റേഷൻ നിർമ്മാണത്തിന് തുക അനുവദിച്ചത്. മൂന്നു നില കെട്ടിടത്തിന് 3615.78 ചതുരശ്ര മീറ്ററാണ് ആകെ വിസ്തീർണ്ണം.

28 വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുകയാണ്. റെലിസ് (റവന്യു ലാന്റ് ഇൻഫർമേഷൻ സിസ്റ്റം) വഴിയാണ് ഈ സേവനങ്ങൾ റവന്യു വകുപ്പ് ലഭ്യമാക്കുന്നത്. അഞ്ചു വർഷത്തിനിടെ ജില്ലയിൽ 52 തസ്തികകളാണ് പുതിയതായി അനുവദിച്ചത്. 8210 പട്ടയങ്ങളും വിതരണം ചെയ്തു. ഫെബ്രുവരി 21 നകം 303 പട്ടയങ്ങൾ കൂടി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഭൂപതിവ് ചട്ടങ്ങൾ പ്രകാരം വിതരണം ചെയ്ത 3895 പട്ടയങ്ങളിൽ ഏറ്റവും കൂടുതൽ നൽകിയത് മഞ്ചേശ്വരം താലൂക്കിലാണ്1111. കാസർകോട് 932, വെള്ളരിക്കുണ്ട് 924, ഹോസ്ദുർഗ് 928 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ വിതരണം ചെയ്തത്. സർക്കാർ ഭൂമിയിൽ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന, മറ്റെവിടെയും ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് പട്ടയം നൽകാനായി ആരംഭിച്ച 'കൈവശ ഭൂമിക്ക് പട്ടയം' പദ്ധതിയുടെ നടപടികൾ പുരോഗമിക്കുന്നുണ്ട്.

2016 മുതൽ 2020 ഡിസംബർ വരെ 162.91 കോടി രൂപ സമാഹരിച്ച് ജില്ലയിലെ റവന്യൂ വകുപ്പ് റെക്കോർഡ് ഇട്ടു. റവന്യൂ റിക്കവറി ഇനത്തിൽ 85.83 കോടിയും ലാന്റ് റവന്യൂ ഇനത്തിൽ 77.09 കോടിയും പിരിച്ചെടുത്താണ് ജില്ലാ ഭരണകൂടം മികച്ച പ്രകടനം കാഴ്ചവച്ചത്. ജില്ലയ്ക്ക് സർക്കാർ നൽകിയ ലക്ഷ്യത്തേക്കാൾ കൂടുതലാണിത്. പ്രളയം, കൊവിഡ് തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ് നേട്ടമെന്നത് ശ്രദ്ധേയമാണ്. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയ്ക്ക് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കാനുള്ള വിൽപന നികുതി, വാഹന നികുതി, വായ്പകൾ മുതലായ വിഭാഗങ്ങളിലാണ് റവന്യൂ റിക്കവറി ഇത്രയും തുക വീണ്ടെടുത്തത്. ലാന്റ് റവന്യൂ വിഭാഗം ഭൂനികുതി, കെട്ടിട നികുതി, ജലസേചന നികുതി, തോട്ട നികുതി തുടങ്ങിയ ഇനങ്ങളിലും തുക സമാഹരിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ആത്മാർഥ പരിശ്രമത്തിന്റെ ഫലമാണ് ഈ ചരിത്ര നേട്ടമാണ് ജില്ലാകളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു.