
തിരുവനന്തപുരം: സർക്കാർ ഫണ്ട് ഉപയോഗിച്ച് ക്ഷേമനിധി ബോർഡുകൾ നൽകുന്ന പെൻഷൻ ഇനി മുതൽ ഗുണഭോക്താവിന്റെ അവകാശികൾക്ക് ലഭിക്കില്ല. ഗുണഭോക്താവ് മരിച്ചാൽ പെൻഷന് അവകാശികൾക്ക് അർഹതയുണ്ടായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേമനിധി ബോർഡുകൾക്ക് ധനവകുപ്പ് സർക്കുലർ കൈമാറി. ഇത് സ്ഥിരം സംവിധാനമാക്കുന്നതിനായി നിയമാവലിയിൽ ഭേദഗതി കൊണ്ടുവരുമെന്നും സർക്കാർ വ്യക്തമാക്കി.
സർക്കാർ ഫണ്ട് ഉപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന എല്ലാ ബോർഡുകൾക്കും പുതിയ നിർദ്ദേശം ബാധകമാണ്.
ക്ഷേമനിധി ബോർഡുകൾ പുതിയ നിർദ്ദേശം നിയമാവലി ഭേദഗതി ചെയ്ത് ഉൾപ്പെടുത്തണം. ഗുണഭോക്താവ് മരണമടഞ്ഞാൽ അടിയന്തരമായി പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് ഇവരെ നീക്കം ചെയ്യാൻ സംവിധാനം ഏർപ്പെടുത്തണം. വീഴ്ചവരുത്തിയാൽ സർക്കാരിന് നഷ്ടമാകുന്ന തുകയുടെ ഉത്തരവാദിത്വം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർക്കായിരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.
പരാതികൾക്ക് സമയബന്ധിതമായി മറുപടി നൽകണം
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന പരാതി/ അപേക്ഷ/ നിവേദനങ്ങൾ തുടങ്ങിയവയ്ക്ക് ഒരാഴ്ചക്കുള്ളിൽ കൈപ്പറ്റ് രസീതും ഒരു മാസത്തിനുള്ളിൽ സ്വീകരിച്ച നടപടിയും മൂന്ന് മാസത്തിനുള്ളിൽ അന്തിമ മറുപടിയും നൽകണമെന്ന നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്.
പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായവിതരണം
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായ വിതരണം നോർക്ക റൂട്ട്സ് ആരംഭിച്ചു. പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്. പുതുതായി ധനസഹായത്തിന് അപേക്ഷിക്കുന്നവർ സഹകരണ സംഘങ്ങളുടെ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താത്കാലിക കട ധന പട്ടിക എന്നിവയുടെ പകർപ്പ് സഹിതം 15 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-14 വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാ ഫോറവും വിശദവിവരവും www.norkaroots.org യിലും ടോൾ ഫ്രീ നമ്പറായ 1800 4253 939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.