coronsa

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ സാഹചര്യം വിലയിരുത്താനും പ്രതിരോധ പ്രവർത്തനം ഉൗർജിതപ്പെടുത്താനുമായി കേന്ദ്ര സംഘമെത്തുന്നു. സംസ്ഥാനത്തെ സാഹചര്യം പഠിക്കാൻ രണ്ടാം തവണയാണ് പ്രത്യേക സംഘം എത്തുന്നത്.

ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന സംഘത്തിൽ ഡൽഹി ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരം റീജിയണൽ ഓഫീസിലെയും വിദഗ്ദ്ധരുണ്ടാവും.

രാജ്യത്തെ പ്രതിദിന കേസുകളിൽ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ആകെ കേസുകളിൽ മൂന്നാമതും ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഒന്നാമതുമാണ് കേരളം. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും. രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള രോഗികളിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ല എറണാകുളമാണ്. മഹാരാഷ്ട്രയിലേക്കും സംഘത്തെ അയയ്ക്കും.

അതേസമയം,​ കേരളത്തിലെ കൊവിഡ് സാഹചര്യത്തിൽ ചർച്ച ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഏറ്റവും കൂടുതൽ രോഗികളുള്ള അഞ്ച് ജില്ലകളിൽ ഒന്ന് എറണാകുളമാണ്. കേന്ദ്രം പ്രത്യേക മെഡിക്കൽ സംഘത്തെ സംസ്ഥാനത്തേക്ക് അയയ്ക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.