
ലോകമെമ്പാടും സമുദ്രങ്ങളിൽ സ്രാവുകളുടെയും തിരണ്ടി മത്സ്യങ്ങളുടെയും എണ്ണത്തിൽ ഞെട്ടിക്കുന്ന കുറവ് സംഭവിച്ചതായി പുതിയ പഠന റിപ്പോർട്ട്. ആഗോള മത്സ്യബന്ധനത്തിലുണ്ടായ കുതിപ്പാണ് സ്രാവുകളുടെയും തിരണ്ടികളുടെയും എണ്ണം കുത്തനെ താഴാനിടയാക്കിയ ഘടകങ്ങളിലൊന്ന്. 1970 മുതൽ 2018 വരെ 71 ശതമാനം കുറവാണ് ഇവയുടെ എണ്ണത്തിലുണ്ടായതെന്ന് ശാസ്ത്ര ജേണലായ 'നേച്ചറി'ൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.
സമുദ്രത്തിലെ ഏറ്റവും അപകടകാരികളായ വേട്ടക്കാരാണ് സ്രാവുകൾ. വളരെ ദൂരത്ത് നിന്ന് പോലും സമുദ്രത്തിലുണ്ടാകുന്ന ഏത് തരത്തിലുള്ള ചലനങ്ങളും ഗ്രഹിക്കാനുള്ള കഴിവ് സ്രാവുകൾക്കുണ്ട്. ഇരകളെ വേട്ടയാടുന്നതിലും ഈ സവിശേഷതയാണ് സ്രാവുകളെ വ്യത്യസ്തരാക്കുന്നത്. എന്നാൽ, ഈ കഴിവ് തന്നെയാണ് മത്സ്യബന്ധന വലകളിൽ ഇവ വേഗത്തിൽ കുടുങ്ങാൻ കാരണവും.
വംശനാശത്തിന്റെ വക്കിൽ
സ്രാവുകളിലെ 31 വംശങ്ങൾക്കിടയിൽ 24 വർഗ്ഗങ്ങൾ വംശനാശത്തിന്റെ വക്കിലാണെന്ന് പഠനം പറയുന്നു. ഇതിൽ മൂന്നെണ്ണമാകട്ടെ ഗുരുതരമായ വംശനാശഭീഷണി നേരിടുകയാണ്. 1950കൾ മുതൽ ആഗോള മത്സ്യബന്ധനത്തിൽ ഇരട്ടി വർദ്ധനവുണ്ടായതാണ് സ്രാവുകളുടെ പ്രതികൂലമായി ബാധിച്ചത്. ഡിമാൻഡ് കൂടുതലായതിനാൽ സ്രാവും തിരണ്ടിയും ലക്ഷ്യമാക്കി മത്സ്യബന്ധനം നടത്തുന്നവർ ഏറെയാണ്.
പൂർണ വളർച്ചയെത്തുന്നതിനു മുമ്പ് തന്നെ പിടിക്കപ്പെടുന്നതിനാൽ അടുത്ത തലമുറ സൃഷ്ടിക്കപ്പെടുന്നത് സാധിക്കാതെ പല വർഗങ്ങളെയും വംശനാശത്തിലേക്ക് തള്ളിവിടുന്നു. ഇക്കൂട്ടത്തിൽ ഏതാനും സ്രാവ് വംശങ്ങൾ കൂട്ടത്തോടെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
സ്രാവുകളുടെ ചിറകുകൾക്ക് ചൈന, ഹോങ്കോംഗ് തുടങ്ങിയ പ്രദേശങ്ങളിൽ ഏറെ പ്രചാരമുണ്ട്. ജീവനോടെ സ്രാവുകളെ പിടിച്ച് അവയുടെ ചിറകുകൾ മുറിച്ചെടുക്കുകയും കടലിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന ഷാർക് ഫിന്നിംഗ് എന്ന സമ്പ്രദായമാണ് ഇവർ കൂടുതലും പിന്തുടരുന്നത്. ഇത്തരത്തിൽ ചിറക് നഷ്ടപ്പെട്ട് ഉപേക്ഷിക്കപ്പെടുന്ന സ്രാവുകൾ നീന്താനാകാതെ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങി പോകുകയും ശ്വാസതടസം കൊണ്ട് ചാവുകയോ അല്ലെങ്കിൽ മറ്റ് സമുദ്ര ജീവികൾക്ക് ആഹാരമായി മാറുകയോ ചെയ്യും. ഏതാനും രാജ്യങ്ങൾ ഈ രീതി നിരോധിച്ചിട്ടുണ്ട്.
അല്‌പം ആശ്വസിക്കാം
ആനകളുടെയും കാണ്ടാമൃഗങ്ങളുടെയും എണ്ണത്തിലുണ്ടായതിനേക്കാൾ അവിശ്വസനീയമായ കുറവാണ് സ്രാവുകളിലും തിരണ്ടികളിലും കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ഈ ജീവികളുടെ നിലനിൽപ്പിന് ഭീഷണിയായി മാറിയിട്ടുണ്ട്.
അതേസമയം, ചില പ്രത്യേക സ്രാവ് സ്പീഷിസുകളെ സംരക്ഷിക്കാൻ വിവിധ ഭരണകൂടങ്ങൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ഫലം കാണുന്നുണ്ട്. ഗ്രേറ്റ് വൈറ്റ് ഷാർക്കുകളാണ് ഇതിൽ പ്രധാനം. 20-ാം നൂറ്റാണ്ടിൽ ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾ ഇല്ലാതാകും എന്ന ഘട്ടമുണ്ടായിരുന്നു. എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോൾ ഇവ പുനഃരുജ്ജീവനത്തിന്റെ പാതയിലാണ്. വടക്ക് പടിഞ്ഞാറൻ അറ്റ്‌ലാൻറിക്കിൽ ഹാമ്മർഹെഡ് ഷാർക്കുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.