petrol-disel-

സാമ്പത്തികശാസ്‌ത്ര ക്ളാസുകളിൽ അന്നും ഇന്നും മാറ്റമില്ലാതെ പഠിപ്പിക്കുന്ന ഒരു തത്വമുണ്ട്. ഒരു സാധനത്തിന്റെ ഡിമാൻഡ് കൂടുകയും സപ്ളൈ കുറയുകയും ചെയ്താൽ വിലകൂടും. അതേസമയം ലഭ്യത കൂടുകയും അതനുസരിച്ച് ആവശ്യകത കൂടാതിരിക്കുകയും ചെയ്താൽ വില കുറയും. എന്നാൽ ഈ തത്വം ഇന്ത്യയിലെ ഇന്ധനവിലയുടെ കാര്യത്തിൽ ഒരിക്കലും ശരിയായിട്ടില്ല. കൊവിഡ് വ്യാധിയും തുടർന്നുണ്ടായ ലോക് ഡൗണും യാത്രാ നിയന്ത്രണങ്ങളും കാരണം അന്താരാഷ്ട്ര രംഗത്ത് പെട്രോൾ / ഡീസൽ ഡിമാൻഡ് കുറയുകയും ലഭ്യത തുടക്കത്തിൽ അതുപോലെ നിൽക്കുകയും ചെയ്തതിനാൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു. പക്ഷേ ഇന്ത്യയിൽ ഇന്ധന വില കുറഞ്ഞില്ല. കാരണം സർക്കാർ ഇന്ധനവില കുറയുന്നതനുസരിച്ച് നികുതി കൂട്ടിക്കൊണ്ടിരുന്നു. മറ്റെല്ലാ കാര്യങ്ങളിലും തത്വങ്ങൾ വിളമ്പുകയും ഇന്ധന വിലയുടെ കാര്യം വരുമ്പോൾ അതു മറക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ തുടർന്നു വരുന്നത്. ചില അപൂർവം സംസ്ഥാനങ്ങൾ തീരുവയിൽ ചില്ലറ ഇളവുകൾ വരുത്തിയിട്ടുള്ളത് മറക്കുന്നില്ല. കേരളം ഇതുവരെ തയ്യാറായിട്ടില്ല.

നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്‌ജറ്റിൽ പെട്രോളിനും ഡീസലിനും മറ്റ് പെട്രോളിയം ഉത്‌പന്നങ്ങൾക്കും അഗ്രിക്കൾച്ചർ ഇൻഫ്രാസ്‌ട്രക്ച്ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ് അഥവാ കാർഷികസെസ് ഏർപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 2.5 രൂപയും ഡീസലിന് നാല് രൂപയുമാണ് സെസ്. സ്വാഭാവികമായും ഇന്ധനവില കൂടേണ്ടതാണ്. എന്നാൽ അധികം വില ഉപഭോക്താവ് നൽകേണ്ടിവരില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് കാരണമായി പറയുന്നത് സെസ് വർദ്ധനവിന് ആനുപാതികമായി അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയിലും സ്പെഷ്യൽ അധിക എക്സൈസ് ഡ്യൂട്ടിയിലും കുറവ് വരുത്തി എന്നതാണ്. വരുമാനത്തിൽ വ്യത്യാസമില്ലെങ്കിൽ പിന്നെ എന്തിനാണ് സെസ് ഏർപ്പെടുത്തിയത് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. എക്സൈസ് ഡ്യൂട്ടിയിൽ വരുത്തുന്ന കുറവിന്റെ ഗുണം പെട്രോളിയം കമ്പനികൾക്കാണ് ലഭിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന ലാഭം സർക്കാരിന് അവർ കൈമാറാതിരുന്നാൽ വില ഇനിയും കൂടില്ലേ? ഇക്കാര്യങ്ങളിലൊക്കെ ഇനി വ്യക്തത വരേണ്ടതായുണ്ട്.

അതോ നികുതി കുറച്ച് പെട്രോളിയം കമ്പനികളെ സഹായിച്ചപ്പോൾ ആ ഭാരം സാധാരണക്കാരന്റെ ചുമലിൽ സെസ് രൂപത്തിൽ ചുമത്തുകയാണോ സർക്കാർ ചെയ്തത് ?

എന്തായാലും ദിനംപ്രതി പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിവരുന്നതാണ് ജനങ്ങളുടെ അനുഭവം. പണ്ടൊക്കെ നാട്ടിൽ ഒരു മുതലാളിക്ക് മാത്രമേ ഒരു കാർ കാണൂ. അതും അംബാഡിസർ. അന്നൊക്കെ പെട്രോളിന്റെയും ഡീസലിന്റെയും വില പോലും ആരും തിരിക്കിയിട്ടില്ല. ഇപ്പോൾ അങ്ങനെയാണോ? കേരളത്തിൽ മിഡിൽ ക്ളാസുകാരുടെ വീട്ടിൽ പോലും രണ്ട് കാറുകളുണ്ട്. ഒരു ഇരുചക്ര വാഹനമെങ്കിലും ഇല്ലാത്ത വീടുകൾ അപൂർവം. ഇന്ധനവില കൂടുമ്പോൾ ചെലവ് പല രീതിയിലാണ് കൂടുന്നത്. ചരക്ക് ഗതാഗതത്തിന്റെ നിരക്ക് കൂടും. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ളതിന്റെ വില കൂടാൻ ഇത് ഇടയാക്കും. പണപ്പെരുപ്പം കൂടുന്നതിനാൽ സാമ്പത്തിക വളർച്ച താഴോട്ടാകും. പക്ഷേ സർക്കാരിന് എളുപ്പം ധനം വർദ്ധിപ്പിക്കാനുള്ള മാർഗം ഇന്ധനവിലയുടെ തീരുവ കൂട്ടുക എന്നതാണ്. ഇതൊരു പഴയ രീതിയാണ്. ഇതിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരു ധനകാര്യ സമീപനം എന്നാവും ഉണ്ടാവുക.

ഇന്ത്യയിൽ പെട്രോൾ - ഡീസൽ വിലയുടെ 69 ശതമാനവും നികുതിയാണ്. ലോക് ഡൗൺ കാലയളവിൽ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ലിറ്ററിന് 13 രൂപയും 16 രൂപയും യഥാക്രമം കൂട്ടിയിരുന്നു. ഇപ്പോൾ എക്സൈസ് നികുതി പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ്.

കേരളത്തിൽ പെട്രോളിന് 30.08 രൂപയും ഡീസലിന് 31.83 രൂപയുമാണ് നികുതി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി വർദ്ധന എണ്ണവിതരണ കമ്പനികൾക്കു മേലാണ് അടിച്ചേൽപ്പിക്കുന്നത്. ഇത് അവരുടെ വരുമാനം, ലാഭം എന്നിവയെ ബാധിക്കും. ഫലത്തിൽ പിന്നീട് ക്രൂഡോയിൽ വില കുറഞ്ഞാലും നികുതി ബാദ്ധ്യത സഹിക്കുന്നതിനാൽ, ഈ ഇളവ് ഉപഭോക്താക്കൾക്ക് കൈമാറാൻ എണ്ണക്കമ്പനികൾ മടിക്കും. രാജ്യാന്തര ക്രൂഡോയിൽ വില കുറഞ്ഞാലും ആനുപാതികമായി ഇന്ത്യയിൽ ഇന്ധന വില കുറയാത്തതിന് ഇതാണ് കാരണം. മറ്റൊന്ന് ക്രൂഡോയിലിന്റെ രാജ്യാന്തര വ്യാപാരം ഡോളറിലാണ് നടക്കുന്നത്. അതായത്, ഇന്ത്യൻ കമ്പനികൾ ഡോളർ നൽകിയാണ് ക്രൂഡോയിൽ വാങ്ങുന്നത്. രൂപക്കെതിരെ ഡോളറിന്റെ മൂല്യം മെച്ചപ്പെടുമ്പോൾ എണ്ണക്കമ്പനികളുടെ വാങ്ങൽ ചെലവ് കൂടും. ഇതിന് ആനുപാതികമായി അവർ പെട്രോൾ, ഡീസൽ വിലയും വർദ്ധിപ്പിക്കും. ഈ സമ്പ്രദായമാണ് ഇവിടെ തുടർന്നുവരുന്നത്.

സോളാർ, ഇലക്ട്രിക് ബാറ്ററി തുടങ്ങി അടുത്ത ടെക്നോളജിയിലേക്ക് ഗതാഗതം മാറാതെ ഈ നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനമുണ്ടാകില്ല.

ജനങ്ങളെ സേവിക്കണമെന്നും സഹായിക്കണമെന്നും ആഗ്രഹിക്കുന്ന ഏതു സർക്കാരും അത്തരം ഗവേഷണങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണം.