henry-viii

ഇംഗ്ലണ്ടിലെ ഹെൻട്രി എട്ടാമൻ രാജാവിന്റെ നഷ്‌ടപ്പെട്ട കിരീടത്തിലേതെന്ന് കരുതുന്ന അമൂല്യമായ ചെറുപ്രതിമ കണ്ടെത്തി. നോർത്താംപ്ടൺഷയറിലെ മാർക്കറ്റ് ഹാർബറയിലെ ഒരു മൈതാനത്ത് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തവെയാണ് കെവിൻ ഡക്കെറ്റ് എന്നയാൾക്കാണ് ഇത് ലഭിച്ചത്. സ്വർണത്തിൽ തീർത്ത ഈ ചെറുപ്രതിമ ഹെൻട്രി എട്ടാമന്റെ കിരീടത്തിൽ നിന്ന് കാണാതായതെന്ന് കരുതുന്ന ഭാഗമെന്നാണ് ഒരുകൂട്ടം ഗവേഷകരുടെ വിശ്വാസം.

2017ലാണ് ചെറു പ്രതിമ കണ്ടെത്തിയത്. വർഷങ്ങൾ നീണ്ട ഗവേഷണത്തിനൊടുവിലാണ് കെവിൻ ഡക്കെറ്റ് ഈ നിഗമനത്തിലെത്തിയത്. അതേസമയം, ഇത് സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണങ്ങൾക്കൊരുങ്ങുകയാണ് ബ്രിട്ടീഷ് മ്യൂസിയം അധികൃതർ. 400 വർഷങ്ങൾക്ക് മുമ്പാണ് കിരീടത്തിൽ നിന്ന് രണ്ടര ഇഞ്ച് വലിപ്പമുള്ള സ്വർണ്ണ പ്രതിമ നഷ്ടമായത്. 1649ൽ ചാൾസ് ഒന്നാമന്റെ വധത്തിന് ശേഷം രാജവാഴ്ച നിറുത്തലാക്കിയ ഇംഗ്ലീഷ് സൈന്യാധിപൻ ഒലിവർ ക്രോംവെൽ, മുമ്പ് ഹെൻറി എട്ടാമൻ ധരിച്ചിരുന്ന കിരീടം ഉരുക്കി നാണയങ്ങളാക്കി വിൽക്കാൻ ഉത്തരവിട്ടിരുന്നു.

കിരീടത്തിലെ 344 രത്നക്കല്ലുകൾ പ്രത്യേകം വിൽപന നടത്തി. കിരീടത്തിന്റെ മറ്റ് അമൂല്യമായ ചെറുപ്രതിമകൾ നീക്കം ചെയ്ത് കേടുകൂടാതെ സൂക്ഷിച്ചെങ്കിലും പിന്നീടാരും അത് കണ്ടിട്ടില്ല. തന്റെ സ്ഥാനാരോഹണത്തിനും 1540ൽ ആൻ ഒഫ് ക്ലീവ്സുമായുള്ള വിവാഹ സമയത്തും ഈ കിരീടമായിരുന്നു ധരിച്ചിരുന്നത്. കിരീടത്തിന്റെ ഭാഗമായിരുന്ന പ്രതിമ ഹെൻട്രി രാജാവിന്റെ മകൻ ചാൾസാകാം വേർപെടുത്തിയതെന്നും ക്രോംവെല്ലിൽ നിന്ന് സംരക്ഷിക്കാൻ കുഴിച്ചിട്ടിരിക്കാമെന്നും ചരിത്രകാരൻമാർ പറയുന്നു.

നിലവിൽ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ഈ ചെറുപ്രതിമ. അതേസമയം, കിരീടം ഉരുക്കിയെങ്കിലും ലഭ്യമായ വിവരങ്ങളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ ഗവേഷകർ കിരീടത്തിന്റെ മാതൃക നിർമ്മിച്ചിരുന്നു. ഇതിപ്പോൾ ഗ്രേറ്റർ ലണ്ടനിലെ ഹാംപ്ടൺ കോർട്ട് പാലസിൽ കാണാം. ഈ കിരീടത്തിലെ ചെറുപ്രതിമകൾക്ക് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ചെറുപ്രതിമയുമായി അസാമാന്യ സാമ്യമുണ്ട്. ഏകദേശം 2.5 മില്യൺ ഡോളർ വിലമതിക്കുന്നതാണ് കെവിൻ ഡക്കെറ്റ് കണ്ടെത്തിയ ചെറുപ്രതിമ.