
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ നവകേരള മിഷന്റെ കോ-ഓർഡിനേറ്റർ പദവിയിൽ നിന്ന് സി.പി.എം സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് ഒഴിയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി വീണ്ടും മത്സരിക്കാനാണ് നീക്കമെന്ന് അഭ്യൂഹമുയർന്നു.
തന്നെ ഏല്പിച്ച ദൗത്യങ്ങളെല്ലാം പൂർത്തിയായതിനാൽ വെറുതെ തുടരേണ്ടതില്ലെന്നതിനാലാണ് ഒഴിയുന്നതെന്ന് ചെറിയാൻ ഫിലിപ്പ് കേരളകൗമുദിയോട് പ്രതികരിച്ചു. നവകേരള മിഷൻ കോ-ഓർഡിനേറ്ററുടേത് പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥ പദവിയാണ്. അതിലിരുന്ന് രാഷ്ട്രീയം പറയാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ രാഷ്ട്രീയവേദി തിരിച്ചുപിടിക്കണം.
ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ഹരിത കേരളം എന്നീ മിഷനുകളാണ് നവകേരളം പദ്ധതിയുടെ ഭാഗമായുള്ളത്. ഇവയുടെ സംസ്ഥാനതല ഏകോപനച്ചുമതലയാണ് ചെറിയാന്. നേരത്തേ സി.പി.എമ്മിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ചെറിയാന്റെ പേര് ഉയർന്നുകേട്ടിരുന്നെങ്കിലും, പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം കണക്കിലെടുത്ത് കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീമിനെ പരിഗണിക്കുയായിരുന്നു . സി.പി.എം സഹയാത്രികനായി 2001 മുതൽ തുടരുന്ന ചെറിയാന് അർഹമായ പരിഗണന നൽകുന്നതിനാണ് നവകേരള മിഷന്റെ ചുമതല ഏല്പിച്ചത്.
2006ലെ വി.എസ് സർക്കാരിന്റെ കാലത്ത് കെ.ടി.ഡി.സി അദ്ധ്യക്ഷ പദവി ചെറിയാൻ ഫിലിപ്പിന് നൽകിയിരുന്നു. കോൺഗ്രസ് വിട്ട് സി.പി.എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച ശേഷം ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും ,പിന്നീട് വട്ടിയൂർക്കാവിലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഇക്കുറി നിയമസഭയിലേക്ക് ഒരുറച്ച സീറ്റ് അദ്ദേഹം ആഗ്രഹിക്കുന്നതായി സൂചനകളുണ്ട്.