ksrtc

തിരുവനന്തപുരം:കെ. എസ്. ആർ.ടി. സി പുതുതായി രൂപീകരിക്കുന്ന സ്വിഫ്റ്റ് കമ്പനിയെ പറ്റി ധനമന്ത്രി ഡോ.തോമസ് ഐസക്കും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും 5ന് തൊഴിലാളി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തും. പുതിയ കമ്പനിയുടെ പ്രാധാന്യം മന്ത്രിമാർ വിശദീകരിക്കും.

അതേസമയം,​ കെ. എസ്. ആർ. ടി. സിയിൽ ശമ്പള പരിഷ്‌കരണ ആവശ്യം ഉയരുന്നുണ്ട്. 2011ലാണ് ഒടുവിൽ ശമ്പളം വർദ്ധിപ്പിച്ചത്. ചെലവും കടവും കൂടുകയും വരവ് കുറയുകയും ചെയ്യുമ്പോൾ ശമ്പള പരിഷ്‌കരണം ചിന്തിക്കാനേ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ.

കോർപ്പറേഷന്റെ പ്രതിസന്ധിക്കുള്ള ഒറ്റമൂലിയായിട്ടാണ് ധനവകുപ്പ് 'സ്വിഫ്ട്' എന്ന ഗതാഗത കമ്പനിയെ കാണുന്നത്. സ്വിഫ്റ്റ് യാഥാർത്ഥ്യമായി മുന്നോട്ട് പോയാൽ കെ.എസ്.ആർ.ടി.സിക്കും വരുമാനം വർദ്ധിക്കും. അതിനായി നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.

ശരാശരി 2800 ബസുകളാണ് ഇപ്പോൾ ദിവസം സർവീസ് നടത്തുന്നത്. കഴി‌ഞ്ഞ മാസം വരുമാനം 100 കോടി പിന്നിട്ടിരുന്നു.4300 ബസുകളെങ്കിലും ഓടിച്ചാൽ 150-160 കോടി രൂപ കളക്‌ഷൻ ലഭിക്കും. ജിവനക്കാരെ പുനർവിന്യസിച്ചാലേ ഇതു സാധിക്കൂ. 866 ബസുകൾ കട്ടപ്പുറത്താണ്.

'നമ്മുടെ നേതാവാണ് ഒഴിവാക്കണം'

ജീവനക്കാരെ ബസിന്റെ എണ്ണമനുസരിച്ച് നിയോഗിക്കാൻ സ്ഥലമാറ്റ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ മന്ത്രിമാരുടെ ഓഫീസുകളിലും ചീഫ് ഓഫീസിലും ശുപാർശകളുടെ കുത്തൊഴുക്കാണ്. തിരഞ്ഞെടുപ്പ് വരുന്നു നമ്മുടെ പാർട്ടിയുടെ നേതാവാണ് എന്നിങ്ങനെയാണ് കാരണങ്ങൾ.