feb02c

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ ഏക സ്റ്റേഡിയം പരിമിതികളിൽപ്പെട്ട് നട്ടം തിരിയുന്നു. കോളൂർ സ്റ്റേഡിയമാണ് വർഷങ്ങളായി വികസനം കാതോർത്ത് കിടക്കുന്നത്. പുതിയ പഞ്ചായത്ത് ഭരണ സമിതിയെങ്കിലും ഇതിന് ശാപമോക്ഷം നൽകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
സ്റ്റേഡിയത്തിന് രണ്ടുവശവും വലിയ കുഴിയാണ്.
ചെറിയൊരു കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. അതിനോട് ചേർന്ന് ടോയ്‌ലെറ്റുമുണ്ട്. എന്നാൽ വെള്ളവും വെളിച്ചവും ഇല്ലാത്തതിനാൽ ഇവ ഉപയോഗ യോഗ്യമല്ലാതെ കിടക്കുകയാണ്.
2013 ൽ ഗ്രാമപ‍ഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടു മുറികളും ടോയ്‌ലെറ്റും സ്റ്റേഡിയത്തിന് ഒരുവർശത്ത് നി‌ർമ്മിച്ചതൊഴിച്ചാൽ യാതൊരു വികസനവും ഇവിടെ നടന്നിട്ടില്ല.
പല തദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്റ്റേഡ‌ിയത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ വിഷമിക്കുമ്പോഴാണ് മുദാക്കൽ പഞ്ചായത്തിലുള്ളത് ഉപയോഗപ്രദമാക്കാനാവാതെ കിടക്കുന്നത്.
ധാരാളം കുട്ടികളും ചെറുപ്പക്കാരും ഇവിടെ കളിക്കാനും വ്യായാമത്തിനുമായി എത്തുന്നുണ്ട്. വിവിധ ക്ലബുകളുടെ ക്രിക്കറ്റ് ടൂ‌ർണമെന്റും ഇവിടെ നടക്കാറുണ്ട്. അടുത്തിടെ ഗ്രാമ പഞ്ചായത്തിന്റെ തൊഴിലുറപ്പ് തൊഴിലാളികൾ കാടുവെട്ടിത്തെളിച്ചത് ആശ്വാസമായിട്ടുണ്ട്. ഇതോടെയാണ് പുതിയ ഭരണ സമിതിക്ക് സ്റ്റേഡിയത്തോട് ആഭിമുഖ്യമുണ്ടെന്ന് തെളിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.

സ്റ്റേഡിയം നിർമ്മിച്ചത്

മുദാക്കൽ പഞ്ചായത്തിൽ കായിക പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 30 വർഷം മുൻപാണ് കോളൂർ സ്റ്റേഡിയം നിർമ്മിച്ചത്. പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് ഇത്.