
തിരുവനന്തപുരം: നേതാക്കൾക്ക് പഞ്ഞമില്ലാത്ത കോൺഗ്രസിൽ സുഭാഷ് ചന്ദ്രബോസുമാരും ഒരത്ഭുതമല്ല. പൗരത്വമില്ലാതെ തെരുവുജീവിതം നയിച്ച ഹരിയാനയിലെ സൈക്കിൾ റിക്ഷാതൊഴിലാളികൾക്ക് മേൽവിലാസവും വോട്ടവകാശവുമൊരിക്കിയതും ഒരു സുഭാഷ് ചന്ദ്രബോസാണ്. ഹരിയാനയിൽ മാറ്റത്തിന്റെ വിപ്ലവമൊരുക്കിയ ആ പടനായകൻ ഇന്ന് ആരോരുമറിയാതെ തിരുവനന്തപുരത്ത് വെറുമൊരു കോൺഗ്രസുകാരനായി കഴിയുകയാണ്. കേരള പ്രദേശ് ഒ.ബി.സി കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായ സുഭാഷ് ചന്ദ്രബോസ്.
ഹരിയാന കോൺഗ്രസിനെ അടക്കിവാണിരുന്ന ഭജൻലാലിന്റെ പ്രിയശിഷ്യനായിരുന്നു. കെ. കരുണാകരൻ സർവപ്രതാപിയായിരുന്നപ്പോൾ വത്സലശിഷ്യൻ. 1990കളുടെ ആദ്യപകുതിയിലെ കോൺഗ്രസ് രാഷ്ട്രീയം സുഭാഷ് ചന്ദ്രബോസിന്റേതായിരുന്നു. എ.ഐ.സി.സിയിൽ വൻ പിടിപാട്. ഹരിയാനയിൽ ഭജൻലാലിന്റെ വക സുരക്ഷാ പൊലീസും എ.കെ. 47 തോക്കും! റിക്ഷാ തൊഴിലാളികൾക്ക് മേൽവിലാസമുണ്ടാക്കാൻ പോരാടിയ സുഭാഷിന്, അവരെ അടിമകളെപ്പോലെ നിയന്ത്രിച്ചിരുന്ന ഗുണ്ടാമുതലാളിമാരിൽ നിന്ന് വധഭീഷണിയുമുണ്ടായി. എപ്പോഴും ആക്രമിക്കപ്പെടാമെന്ന അവസ്ഥയായപ്പോഴാണ് മുഖ്യമന്ത്രി ഭജൻലാൽ അദ്ദേഹത്തിന് സുരക്ഷാ സംവിധാനമൊരുക്കിയത്. സുരക്ഷാത്തണലിലുള്ള ജീവിതം മടുത്തപ്പോൾ ഉത്തരേന്ത്യൻ രാഷ്ട്രീയം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് തിരിച്ചെത്തി.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കായംകുളം കണ്ടല്ലൂർ പുതിയവിള മണിപ്പറമ്പിൽ ഇ.വി. പത്മാകരന്റെ മകനായ സുഭാഷ്, കായംകുളം എം.എസ്.എം കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം ഉപരിപഠനത്തിന് ഭോപ്പാലിലെത്തിയതോടെയാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. ഭോപ്പാൽ സർവകലാശാലാ വിദ്യാർത്ഥിയായിരിക്കെ എൻ.എസ്.യു ദേശീയ സെക്രട്ടറിയായി. പാർട്ടി ദേശീയനേതൃത്വം ചുമതലപ്പെടുത്തിയതനുസരിച്ച് ഹരിയാനയിൽ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതൃത്വമേറ്റെടുത്തു. ഹരിയാനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറിയായി. രാജീവ്ഗാന്ധി മുതൽ നരസിംഹറാവു വരെ അടുപ്പക്കാർ. ഫരീദാബാദിലെ റിക്ഷാതൊഴിലാളികളുടെ പ്രശ്നം പ്രധാനമന്ത്രി റാവുവിന്റെ ശ്രദ്ധയിലെത്തിച്ച് പരിഹരിച്ചു. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പയറ്റിയിട്ടും അഴിമതിരാഷ്ട്രീയത്തിൽ നിന്നകന്നുനിന്ന ബോസ് ഇന്നും നിഷ്‌കാമകർമ്മി.
ഹരിയാനാജീവിതം മടുത്തെന്ന് ഭജൻലാലിനെ അറിയിച്ചപ്പോൾ, ബോസിനെ ഏറ്റെടുത്തോളാൻ അദ്ദേഹമാണ് കരുണാകരനോട് പറഞ്ഞത്. മൂന്ന് വർഷം മുമ്പ് വരെ അഖിലേന്ത്യാ കർഷക കോൺഗ്രസിന്റെ സെക്രട്ടറിയായിരുന്നു. എം.എം. ഹസൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെ ഒ.ബി.സി കോൺഗ്രസ് അദ്ധ്യക്ഷനായി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ.ബി.സി കോൺഗ്രസിനെ പ്രതിനിധീകരിച്ച് സുഭാഷ് ചന്ദ്രബോസിനെ മത്സരിപ്പിക്കണമെന്ന ആവശ്യം സംസ്ഥാന, ജില്ലാ കമ്മിറ്റികൾ കെ.പി.സി.സി നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ട്. തലസ്ഥാനത്തെ വർക്കല, കഴക്കൂട്ടം, വാമനപുരം മണ്ഡലങ്ങളിൽ ബോസിന്റെ പേരും ചർച്ചയാകുന്നുണ്ട്.