ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. കോളേജ് എല്ലാ സജ്ജീകരണങ്ങളോടുംകൂടി എൻ.എ.സി പരിശോധനയ്ക്ക് സജ്ജമാകുന്നു. ഡിജിറ്റൽ ലൈബ്രറി, ഹിസ്റ്ററി ബ്ലോക്ക്, സ്റ്റുഡന്റ് അമിനിറ്റിസ് ബ്ലോക്ക് എന്നിവയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. 8.5 കോടി രൂപ ചെലവിൽ 45,​000 സ്‌ക്വയർ ഫീറ്റിൽ മൂന്ന് നിലകളുള്ള ലൈബ്രറി കെട്ടിടത്തിൽ ഒരു ബ്ലോക്ക് പൂർണമായും ഡിജിറ്റൽ ലൈബ്രറിക്കായി മാറ്റും. രണ്ട് നിലകളിൽ ഡിഗ്രി, പി.ജി ക്ലാസ് മുറികൾ, കോൺഫറൻസ് ഹാൾ, സെമിനാർ ഹാൾ എന്നിവയും സജ്ജമാക്കും. നിലവിൽ ബി.എസ്.സി മാത്‌സ്,​ പോളിമർ കെമിസ്ട്രി,​ ബി.എ ഇക്കണോമിക്‌സ്,​ ഹിസ്റ്ററി,​ ബി. കോം,​ എം.എ ഇംഗ്ളീഷ്,​ എം.എ ഇക്കണോമിക്‌സ്,​ എം.കോം,​ എം.എസ്‌സി പോളിമർ കെമിസ്ട്രി എന്നി കോഴ്സുകളുണ്ട്. നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ (എൻ.എ.സി)​ മാർച്ചിൽ പരിശോധനയ്‌ക്ക് എത്തുന്നതിന് മുമ്പായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാകും. എൻ.എ.സിയുടെ പരിശോധനയിൽ കഴിഞ്ഞ തവണ ബി. ഗ്രേഡാണ് ലഭിച്ചത്. ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് പ്രിൻസിപ്പൽ ഡോ. സുനിൽ ജോൺ പറഞ്ഞു. ബി. സത്യൻ എം.എൽ.എ നിർമ്മാണപുരോഗതി പരിശോധിക്കാൻ കഴിഞ്ഞ ദിവസമെത്തിയിരുന്നു. പ്രിൻസിപ്പൽ ഡോ. സുനിൽ ജോൺ,​ അദ്ധ്യാപകരായ ഡോ. ബിനു,​ ഡോ. പ്രദീപ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.