
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദം അനാവശ്യമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനാണ് പുരസ്‌കാരം കൈതൊടാതെ നൽകിയത്. അവാർഡ് ജേതാക്കളെ അപമാനിച്ചെന്ന തരത്തിലുള്ള പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.അവാർഡ് ജേതാക്കളിൽ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ല. മാത്രമല്ല, പുരസ്‌കാര സമർപ്പണത്തിന്റെ തലേന്ന് കൊവിഡ് പടരുന്നതിന്റെ ഗുരുതരാവസ്ഥ മുഖ്യമന്ത്രി തന്നെ മാദ്ധ്യമങ്ങളെ ബോദ്ധ്യപ്പെടുത്തിയതാണ്.
വിമർശനം ഉന്നയിച്ച നിർമ്മാതാവ് സുരേഷ് കുമാറിന് പ്രത്യേക രാഷ്ട്രീയമുള്ളതിനാലാണ് ഇത്തരത്തിൽ വിവാദവുമായി വന്നത്. എന്നാൽ വിവാദം പ്രതിപക്ഷ നേതാവ് ഏറ്റെടുത്തത് ശരിയായില്ല. പങ്കെടുക്കാൻ തീരുമാനിച്ച ഒരാൾക്ക് കൊവിഡ് പോസിറ്റീവായെന്നും മന്ത്രി പറഞ്ഞു.
ജെ.സി. ഡാനിയേൽ പുരസ്‌കാരമെങ്കിലും നേരിട്ടുനൽകാമായിരുന്നെന്ന് സംവിധായകൻ ഡോ. ബിജു പ്രതികരിച്ച കാര്യം മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഒരാൾക്ക് മാത്രം നേരിട്ട് നൽകുന്നത് വിവേചനപരമാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിമാർ പങ്കെടുക്കുന്ന സാന്ത്വന സ്പർശം അദാലത്തിൽ പ്രോട്ടോക്കോൾ പാലിക്കുന്നില്ലല്ലോയെന്ന ചോദ്യത്തിന് പൂർണമായും അദാലത്തുകളിൽ കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും അതത് മന്ത്രിമാർ അക്കാര്യം ശ്രദ്ധിക്കണമെന്നും പറഞ്ഞു. ഐശ്വര്യ കേരളയാത്ര ഈ രൂപത്തിലാണ് തിരുവനന്തപുരത്തെത്തുന്നതെങ്കിൽ ഒരോ സ്വീകരണകേന്ദ്രവും റെഡ് സോണായി മാറുന്നതിൽ താമസം വരില്ലെന്നും ബാലൻ പറഞ്ഞു.