
തിരുവനന്തപുരം: 1977ലെ ഉപതിരഞ്ഞെടുപ്പ്, മുഖ്യമന്ത്രിയായ എ.കെ. ആന്റണിക്ക് മത്സരിക്കാൻ ഒരിടം വേണം. അന്ന് കഴക്കൂട്ടത്തെ എം.എൽ.എയായിരുന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ ആന്റണിക്കായി രാജിവച്ച് വഴിയൊരുക്കി. 91ൽ സി.എം.പി നേതാവ് എം.വി. രാഘവനും കഴക്കൂട്ടത്ത് നിന്ന് യു.ഡി.എഫ് ടിക്കറ്റിൽ ജയിച്ചു.
2009ലെ പുനഃസംഘടനയിൽ കാര്യമായ മാറ്രമുണ്ടായ മണ്ഡലമാണിത്. അതിവേഗം പുരോഗതിക്കും മാറ്രത്തിനും വഴിമാറുന്ന കഴക്കൂട്ടത്തിന് ടെക്‌നോപാർക്കടക്കം സംസ്ഥാനത്തെ പ്രധാന ഐ.ടി കേന്ദ്രങ്ങളുൾപ്പെടെ നിരവധി വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വന്തം. മറ്ര് ജില്ലക്കാരായ നിരവധി വോട്ടർമാരുമിവിടെയുണ്ട്. റിബലിനെ ജയിപ്പിച്ച മണ്ഡലമെന്ന പേരും കഴക്കൂട്ടത്തിനുണ്ട്.
ഇരുമുന്നണികളെയും മാറി മാറി വരിച്ച പാരമ്പര്യവുമുണ്ട്.
മന്ത്രി കടകംപള്ളി സരേന്ദ്രൻ തന്നെയാകും ഇക്കുറിയും കഴക്കൂട്ടത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കേന്ദ്രവിദേശ കാര്യസഹമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് മത്സരിക്കുമോ എന്നാണ് എല്ലാവരും ഉറ്രനോക്കുന്നത്. മുരളീധരനെത്തിയാൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ തമ്മിലുള്ള പോരാട്ടത്തിന് കഴക്കൂട്ടം വേദിയാകും. കോൺഗ്രസ് സ്ഥാനാർത്ഥിയെക്കുറിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. മൂന്നു തവണ ജയിച്ച എം.എം. വാഹിദ് വീണ്ടും യു.ഡി.എഫ് സ്ഥാനാത്ഥിയാവാനുള്ള സാദ്ധ്യത കുറവാണ്. യുവനേതാക്കൾക്ക് സീറ്ര് നൽകാനുമിടയുണ്ട്. കോൺഗ്രസിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലൊരാൾ കഴക്കൂട്ടത്ത് മത്സരിച്ചേക്കുമെന്ന സൂചനയും യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. മുസ്ലിം ലീഗിന് സീറ്ര് കൈമാറാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും ഉപേക്ഷിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടകംപള്ളി സരേന്ദ്രനോട് 7347 വോട്ടിനാണ് വി. മുരളീധരൻ തോറ്രത്. കടകംപള്ളി 50,079ഉം മുരളീധരൻ 42,732 വോട്ടും പിടിച്ചപ്പോൾ സിറ്രിംഗ് എം.എൽ.എയായിരുന്ന എം.എ. വാഹിദ് 38,303 വോട്ടുമായി മൂന്നാമതായി. എന്നാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 46,964 വോട്ട് നേടി യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശിതരൂർ ഒന്നാമതെത്തിയപ്പോൾ ബി.ജെ.പിയിലെ കുമ്മനം രാജശേഖരൻ 45,479 വോട്ട് നേടി. എൽ.ഡി.എഫ് 37,688 വോട്ടുമായി മൂന്നാമതുമായി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു മുന്നേറ്രം. ബി.ജെ.പിയും മികച്ച പ്രകടനം കാഴ്ചവച്ചു.
ബി.ജെ.പി വളരെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കഴക്കൂട്ടത്ത് അവരുടെ മന്നേറ്രം തടയേണ്ടത് ഇരുമുന്നണികളുടെയും ആവശ്യമാണ്. കോൺഗ്രസ് സ്ഥാനാർത്ഥി കൂടി രംഗത്തെത്തുന്നതോടെ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി കഴക്കൂട്ടം മാറുമെന്നുറപ്പ്.