
തിരുവനന്തപുരം: നിർബന്ധിത വിരമിക്കൽ നൽകി പുറത്താക്കാനൊരുങ്ങിയ ഐ. എ. എസ് ഓഫീസർ രാജു നാരായണസ്വാമിക്ക് പാർലമെന്ററികാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം നൽകി.
1991കേഡർ ഉദ്യോഗസ്ഥനായ സ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകാനുള്ള ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി തള്ളിയിരുന്നു. അനധികൃത അവധിയെടുത്തെന്ന് ആരോപിച്ച് നിയമനം തടഞ്ഞു വച്ചിരിക്കുകയായിരുന്നു.
കേന്ദ്ര നാളീകേര ബോർഡിലായിരിക്കെ അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളി മദ്രാസ് ഹൈക്കോടതി ക്ലീൻചിറ്റ് നൽകിയിരുന്നു. കഴിഞ്ഞ മാർച്ച് 17ന് സംസ്ഥാന സർവീസിൽ ജോയിൻ ചെയ്തെങ്കിലും നിയമനവും ശമ്പളവും നൽകിയിരുന്നില്ല. ഇതിനെതിരെ ചീഫ്സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സ്വാമി നോട്ടീസയച്ചതിന് പിന്നാലെയാണ് നിയമനം.
ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് സ്വാമി നാളികേര വികസന ബോർഡിലേക്ക് ഡെപ്യൂട്ടേഷനിൽ പോയത്. അവിടത്തെ അഴിമതി കണ്ടെത്തിയതിനെത്തുടർന്ന് 2019 മാർച്ചിൽ പദവിയിൽ നിന്നു മാറ്റി. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് വിടുതൽ നൽകിയതായി കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചിട്ടും കേസുള്ളതിനാൽ അദ്ദേഹം ഇവിടെ റിപ്പോർട്ട് ചെയ്തില്ല. സംസ്ഥാന സർവീസിൽ പ്രവേശിച്ചാൽ കേന്ദ്ര സർവീസിലേക്ക് തിരികെപ്പോകാൻ മൂന്നുവർഷം കഴിയണമെന്ന കൂളിംഗ് ഓഫ് നിയമം നിലനിൽക്കുന്നതിനാലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് കാത്തിരുന്നതെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
പിന്നീട് അഡി. ചീഫ്സെക്രട്ടറിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം നിഷേധിച്ചു. വിജിലൻസ് കേസോ അച്ചടക്ക നടപടിയോ നേരിടാത്ത തനിക്ക് അഡി.ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം തടഞ്ഞത് നിയമവിരുദ്ധമാണെന്ന് സ്വാമി നിലപാടെടുത്തു.
കഴിഞ്ഞ ഡിസംബർ നാലിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയിട്ടും തനിക്ക് നിയമനം നൽകുന്നില്ലെന്നും പീഡിപ്പിച്ചതിന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കെതിരെ കേസ് നൽകുമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാം റാങ്ക് നേടി റെക്കാഡിട്ടയാളാണ് സ്വാമി.