
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കറങ്ങിനടന്നാൽ കൈയോടെ പിടികൂടാൻ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ജില്ലയിലെ മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തുമെന്ന് കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
പോസിറ്റീവ് കേസുകൾ കൂടുതലുള്ള സ്ഥലങ്ങളുടെ മാപ്പ് അതത് പബ്ലിക് ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ തയ്യാറാക്കി ആ പ്രദേശത്ത് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കും. ഇതിനായി സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ സേവനം ഉപയോഗപ്പെടുത്തും. വിവാഹ ചടങ്ങുകൾ, മറ്റു കൂടിച്ചേരലുകൾ എന്നിവയിൽ സർക്കാർ നിർദേശിച്ചത്ര ആളുകൾ മാത്രമേ പങ്കെടുക്കാവൂ. നിശ്ചിത എണ്ണത്തിലധികം ആളുകൾ പങ്കെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഓഡിറ്റോറിയം ബുക്ക് ചെയ്തയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.