
തിരുവനന്തപുരം: കോൺഗ്രസും മുസ്ലിംലീഗും ചേർന്ന് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടിന് ശ്രമിക്കുന്നുവെന്ന വിമർശനം നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമാക്കാൻ സി.പി.എം. മുസ്ലിംലീഗിനെതിരായ വിമർശനം മുസ്ലിം സമുദായത്തിനെതിരല്ലെന്നും വിശദീകരിക്കും.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി തീരുമാനമെന്തായാലും അത് സർവ്വകക്ഷി സമവായത്തോടെ നടപ്പാക്കുമെന്ന നിലപാട് വ്യക്തമാക്കാനും ഇന്നലെ ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. കോടതിയുടെ മുന്നിലിരിക്കുന്ന ശബരിമല വിഷയം കോൺഗ്രസും യു.ഡി.എഫും എടുത്തിടുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തും.
രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട്ട് പോയത് നൽകുന്ന സന്ദേശമെന്തെന്ന എ. വിജയരാഘവന്റെ ചോദ്യത്തിൽ പിടിച്ച്, സി.പി.എമ്മിനെതിരെ യു.ഡി.എഫും കോൺഗ്രസും പ്രചരണം ശക്തമാക്കുകയാണ്. എന്നാൽ, ഇതിന്റെ പേരിൽ ലീഗിനെതിരായ വിമർശനത്തിൽ നിന്ന് പിന്നാക്കം പോകില്ല. ലീഗ് വഴിയാണ് ജമാ അത്തെ ഇസ്ലാമിയുമായി സഖ്യത്തിന് കോൺഗ്രസ് തയാറായത്. അത് തുറന്നുകാട്ടാനാണ്, ലീഗ് നേതൃത്വത്തെ പാണക്കാട്ട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചതിനെ വിജയരാഘവൻ സാന്ദർഭികമായി വിമർശിച്ചത്. മാദ്ധ്യമങ്ങൾ ഇതിന് മറ്റൊരു വ്യാഖ്യാനം നൽകി തെറ്റായ പ്രചാരണം നടത്തി. തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം തെറ്റായ പ്രചാരണങ്ങൾക്ക് ഇടയുള്ളതിനാൽ പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായി.
രണ്ട് ടേം നിബന്ധന
ഇളവിൽ ചർച്ച
നിയമസഭയിലേക്ക് തുടർച്ചയായി രണ്ട് തവണ മത്സരിച്ചവർക്ക് ഇളവ് നൽകുന്ന കാര്യത്തിൽ സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനമെടുക്കാമെന്ന കേന്ദ്രകമ്മിറ്റി നിർദ്ദേശത്തിന്റെ ചുവട് പിടിച്ചുള്ള ചർച്ചകൾ ഇന്നും നാളെയുമായി ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടക്കും.
രണ്ട് ടേം നിബന്ധന പരമാവധി നടപ്പാക്കണമെന്ന നിർദ്ദേശമാണ് ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്. പ്രചാരണ ജാഥകൾക്ക് ശേഷമേ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കൂ. പുതിയ ഘടകകക്ഷികൾ മുന്നണിയിലെത്തിയ സ്ഥിതിക്ക് സി.പി.എം അടക്കം എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ഏതൊക്കെ സീറ്റുകൾ ഘടകകക്ഷികൾക്ക് കൈമാറാം, ഏതൊക്കെ ഏറ്റെടുക്കാം എന്നതിലെല്ലാം ചില ധാരണകളുരുത്തിരിയണം. പിന്നാലെ, ഘടകകക്ഷികളുമായുള്ള ചർച്ചകളാരംഭിക്കാനാണ് സി.പി.എം നീക്കം.