photo

 സി.പി.എമ്മിലെ 23 അംഗങ്ങളും പിന്തുണച്ചു

നെടുമങ്ങാട്: എൽ.ഡി.എഫിലെ മുൻ ധാരണയ്‌ക്ക് വിരുദ്ധമായി സി.പി.എം പിടിച്ചെടുത്തെന്ന് സി.പി.ഐ ആരോപിച്ച നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ സ്ഥാനം നാടകീയതകൾക്കൊടുവിൽ സി.പി.ഐയുടെ എസ്. രവീന്ദ്രൻ സ്വന്തമാക്കി. എട്ടിനെതിരെ 26 പേരുടെ പിന്തുണയോടെയാണ് രവീന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ നടന്ന തിരഞ്ഞെടുപ്പിൽ രവീന്ദ്രനെ പരാജയപ്പെടുത്തിയ സി.പി.എം അംഗം പി. ഹരികേശൻ നായർ അടക്കം ഇന്നലെ രവീന്ദ്രന് അനുകൂലമായി വോട്ടുചെയ്‌തു. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം പി. ഹരികേശൻ നായർ രാജിവച്ച ഒഴിവിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. പരിയാരം വാർഡ് കൗൺസിലറാണ് എസ്. രവീന്ദ്രൻ. മുമ്പ് രണ്ടു കൗൺസിലുകളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിട്ടുണ്ട്. സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നതിനെ തുടർന്നുള്ള തർക്കമാണ് വൈസ് ചെയർമാൻ സ്ഥാനത്ത് രവീന്ദ്രനെ പരാജയപ്പെടുത്തിയുള്ള പി. ഹരികേശൻ നായരുടെ വിജയത്തിൽ കലാശിച്ചത്. സി.പി.ഐ മണ്ഡലം കമ്മിറ്റി പരാതിയുമായി എൽ.ഡി.എഫ് നേതൃത്വത്തെ സമീപിച്ചതോടെ വിഷയത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇടപെടുകയായിരുന്നു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി വീണ്ടും രവീന്ദ്രനെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ തീരുമാനമെടുത്തു. വരണാധികാരിയും ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടറുമായ ബീനയുടെ മേൽനോട്ടത്തിലായിരുന്നു വോട്ടെടുപ്പ്. സി.പി.ഐ അംഗവും മുൻ കൗൺസിലിൽ വൈസ് ചെയർപേഴ്‌സണുമായിരുന്ന പൂവത്തൂർ വാർഡ് കൗൺസിലർ ലേഖാ വിക്രമൻ എസ്. രവീന്ദ്രന്റെ പേര് നിർദ്ദേശിക്കുകയും സി.പി.ഐയുടെ മറ്റൊരംഗം പ്രിയാ പി. നായർ പിന്താങ്ങുകയും ചെയ്‌തു. എട്ടംഗങ്ങളുള്ള കോൺഗ്രസ് ഇടമല വാർഡ് കൗൺസിലർ ലളിതയെ നിർദ്ദേശിച്ചതോടെയാണ് വോട്ടെടുപ്പ് നടന്നത്. സി.പി.എമ്മിന്റെ 23 അംഗങ്ങളും പിന്തുണച്ചതോടെ രവീന്ദ്രനെ വരണാധികാരി വിജയിയായി പ്രഖ്യാപിച്ചു. നാലംഗങ്ങളുള്ള ബി.ജെ.പി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. നഗരസഭാദ്ധ്യക്ഷ സി.എസ്. ശ്രീജ വൈസ് ചെയർമാൻ എസ്. രവീന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുത്തു.