
തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകടം ആസൂത്രിതമല്ലെന്നും അമിതവേഗതയും അശ്രദ്ധയും കാരണമുണ്ടായതാണെന്നും സി.ബി.ഐ കണ്ടെത്തി. കാറോടിച്ച ഡ്രൈവർ അർജ്ജുനെതിരെ അപകടകരമായി വാഹനമോടിച്ചതിനും മനപൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു.
സാക്ഷിയായി രംഗത്തെത്തിയ കലാഭവൻ സോബിക്കെതിരെ തെറ്റായ വിവരങ്ങൾ നൽകിയതിനും വ്യാജതെളിവു നൽകി അന്വേഷണം വഴിതെറ്റിച്ചതിനും കേസെടുത്തു.
ആയിരം പേജുള്ള കുറ്റപത്രം ഡിവൈ.എസ്.പി അനന്ദകൃഷ്‌ണൻ തിരുവനന്തപുരം സി.ജി.എം കോടതിയിൽ സമർപ്പിച്ചു. 132 സാക്ഷികളും 100 രേഖകളും 29തൊണ്ടി മുതലുകളുമുണ്ട്. സി. ബി. ഐയുടേത് ക്രൈംബ്രാഞ്ച് കണ്ടെത്തലിന് സമാനമാണ്.
തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്ത് 2018സെപ്റ്റംബർ 25ന് പുലർച്ചെയാണ് കാറപകടത്തിൽ ബാലഭാസ്‌കറും മകളും മരിച്ചത്. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ബാലുവിന്റെ സുഹൃത്തുക്കളും മാനേജർമാരുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശൻതമ്പി എന്നിവർ സ്വർണക്കടത്തു കേസിൽ പ്രതിയായതോടെയാണ് ബന്ധുക്കൾക്കു സംശയമുണ്ടായതും അന്വേഷണം സി. ബി. ഐക്ക് വിട്ടതും. ബാലുവിന്റെ മരണ ശേഷമാണ് ഇവർ സ്വർണക്കടത്തിലേക്ക് തിരിഞ്ഞതെന്നാണ് സി. ബി. ഐ കണ്ടെത്തൽ. അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസിലെ പ്രതി റൂബൻ തോമസിനെ കണ്ടെന്നും അപകടത്തിന് മുൻപ് കാർ ആക്രമിക്കപ്പെട്ടെന്നുമുള്ള കലാഭവൻ സോബിയുടെ മൊഴി കളവാണെന്നും കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റൂബൻ തോമസ് അപ്പോൾ ബംഗളുരുവിലായിരുന്നു.
പാലക്കാട്ടെ ആയുർവേദ ഡോക്ടർ ബാലുവിന്റെ പണം തിരികെ നൽകിയെന്നും കണ്ടെത്തി. ബാലുവിന്റെ പേരിലുള്ള 82ലക്ഷം രൂപയുടെ എൽ.ഐ.സി പോളിസിയിൽ സംശയകരമായി ഒന്നുമില്ലെന്നും സിബിഐ കണ്ടെത്തി.
വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരുടെ നുണ പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
നിയമപോരാട്ടം തുടരുമെന്ന് ബാലുവിന്റെ പിതാവ്
ബാലുവിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന സി.ബി.ഐ കണ്ടെത്തലിൽ തൃപ്തിയില്ലെന്നും നിയമപോരാട്ടം തുടരുമെന്നും പിതാവ് സി.കെ. ഉണ്ണി പറഞ്ഞു. കൊലക്കുറ്റവും ഗൂഢാലോചനാ കുറ്റവും ചുമത്തേണ്ട കേസാണിത്. അന്വേഷണ റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കും. സുപ്രീംകോടതി വരെ പോകും. സി.ബി.ഐ സംഘം പല വശങ്ങളും അന്വേഷിച്ചില്ലെന്ന് വേണം മനസിലാക്കാൻ. മറ്റൊരു സംഘത്തെ അന്വേഷണം ഏൽപിക്കണമെന്ന് ആവശ്യപ്പെടും.