
തൃക്കാക്കര: ബ്രഹ്മപുരത്തെ ദിവാകരൻ നായർ കൊലക്കേസ് വഴിത്തിരിവിൽ. ദുരൂഹമരണം ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കൊല്ലം ഓയൂർ രേവതി വീട്ടിൽ ദിവാകരൻനായരുടെ (64) മൃതദേഹം കഴിഞ്ഞ ഒക്‌ടോബർ 25ന് രാവിലെ ഇൻഫോപാർക്ക് - ബ്രഹ്‌മപുരം റോഡരികിലാണ് കാണപ്പെട്ടത്.
തലേന്ന് കൊല്ലത്തുനിന്ന് തൃക്കാക്കര ക്ഷേത്രത്തിന് സമീപത്തെ തിരുവോണം നഗറിലെ സഹോദരന്റെ പൂട്ടിക്കിടക്കുന്ന വീട്ടിലേക്ക് കാറിൽ തനിച്ചുവന്നതാണ് ദിവാകരൻ നായർ. സ്വത്തുതർക്കത്തെ തുടർന്ന് ബന്ധുക്കൾതന്നെ ദിവാകരനെ ക്വട്ടേഷൻ നൽകി ഹണിട്രാപ്പിൽപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്.
പൊൻകുന്നം കെ.എസ്.ഇ ബി ഓഫീസിന് സമീപം കായപ്പാക്കാൻവീട്ടിൽ അനിൽകുമാർ (45 ), കോട്ടയം ചരളയിൽ വീട്ടിൽ രാജേഷ് (37), കോട്ടയം ആലിക്കൽ അകലകുന്നം കിടക്കടം ശിവക്ഷേത്രത്തിന് സമീപം കണ്ണമലവീട്ടിൽ സഞ്ജയ് (23), മലപ്പുറം കളിപ്പാറ തൃക്കണ്ണപുരം യു.പി സ്കൂളിന് സമീപം പാറവിളവീട്ടിൽ ഷാജഹാന്റെ ഭാര്യ ഷാനിഫ (55) എന്നിവരെയും ദിവാകരൻനായരുടെ സഹോദരൻ മധുവിന്റെ മകൻ കൃഷ്ണനുണ്ണിയെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഒന്നാം പ്രതിയായ അനിൽകുമാർ കൃഷ്ണനുണ്ണിയുടെ ഭാര്യാപിതാവാണ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കൊലപാതകമല്ലെങ്കിലും മരണത്തിലേക്ക് വഴിവച്ച അക്രമങ്ങൾ നടന്നതുമൂലം പ്രതികൾക്കെതിരെ കേസ് നിലനിൽക്കുമെന്നാണ് സൂചന. അജ്ഞാതവാഹനമിടിച്ച് മരിച്ചതായി കരുതപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകസാദ്ധ്യത വ്യക്തമായത്. ഏതാനും ദിവസംമുമ്പ് പൊലീസിന് ലഭിച്ച അന്തിമറിപ്പോർട്ടിൽ ഹൃദയസ്തംഭനം അസന്നിഗ്ദ്ധമായി സൂചിപ്പിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്
ഹൃദയാഘാതമാണ് മരണകാരണം. വലതുകൈയിൽ ഒടിവുണ്ട്. നെറ്റിയിലും തലയിലും മറ്റും സാരമല്ലാത്ത പരിക്കുകളുമുണ്ട്. പക്ഷേ ഇവയൊന്നും മരണകാരണമല്ല. കടുത്ത ഹൃദ്രോഗിയായ ദിവാകരൻനായരെ ഇത്തരം ശാരീരിക, മാനസിക പീഡനങ്ങൾ മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകും.
മരണം വാഹനത്തിൽ വച്ച്
കേടായ സ്വന്തം കാർ കാക്കനാട്ടെ വർക്ക്ഷോപ്പിൽ ഏൽപ്പിച്ച് തൃക്കാക്കര ക്ഷേത്രത്തിന് സമീപമെത്തിയ ദിവാകരൻ നായരെ ഇന്നോവയിൽ ബലമായി കയറ്റി ഉപദ്രവിക്കുന്നതിനിടെയായിരുന്നു മരണം.
സ്വത്തുതർക്കം കാരണം
ദിവാകരൻ നായരും സഹോദരൻ മധുവും തമ്മിൽ ഒരേക്കർ 17 സെന്റ് ഭൂമിയെച്ചൊല്ലിയുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് ആധാരം. ഒത്തുതീർപ്പിന്ശ്രമിച്ച അനിൽകുമാറിനെ ദിവാകരൻനായർ കൈയേറ്റം ചെയ്തത് വൈരാഗ്യത്തിന് കാരണമായി. മലപ്പുറം സ്വദേശിനി ഷാനിഫയാണ് ഫോണിലൂടെ പരിചയപ്പെട്ട് ദിവാകരൻ നായരെ കാക്കനാട്ടേക്ക് വിളിച്ചുവരുത്തിയത്.