
തിരുവനന്തപുരം: ജയിൽ വകുപ്പിലെ ഇൻസ്ട്രക്ടർമാർക്ക് സ്‌പെഷ്യൽ അലവൻസ്അനുവദിക്കുന്നതിലെ വിവേചനത്തിന് 11-ാം ശമ്പള കമ്മിഷൻ റിപ്പോർട്ടിലും പരിഹാരമായില്ല.
ജയിലുകളിലെ സാങ്കേതിക വിഭാഗം ജീവനക്കാർ, പി.ഡി.അദ്ധ്യാപകർ, ഫാർമസിസ്റ്റുകൾ തുടങ്ങി തടവുകാരുമായി ഇടപഴകുന്നവർക്കെല്ലാം അർഹതയുള്ളതാണ് സ്‌പെഷ്യൽ അലവൻസ്. എന്നാൽ, തടവുകാരെ തൊഴിൽ പഠിപ്പിക്കുന്ന ടെയ് ലറിംഗ് ഇൻസ്ട്രക്ടർമാർക്ക് ശമ്പള കമ്മിഷൻ റിപ്പോർട്ടിൽ സ്‌പെഷ്യൽ അലവൻസിന് ശുപാർശയില്ല.
ആറാം ശമ്പള കമ്മിഷൻ റിപ്പോർട്ടിലാണ് ജയിൽ ഇൻസ്ട്രക്ടർമാരുടെ ശമ്പള സ്കെയിലിന്റെ കാര്യത്തിൽ ആദ്യം പിശക് വന്നത്. ഇത് തിരുത്തി 1999ൽ ധനവകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയെങ്കിലും, അപ്പോഴേക്ക് ഏഴാം ശമ്പള കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നുള്ള കമ്മിഷനുകളെല്ലാം പഴയ നിലയിലുള്ള സ്‌കെയിൽ കണക്കിലെടുത്താണ് ഇൻസ്ട്രക്ടർമാർക്ക് ശമ്പളം പരിഷ്‌കരിച്ച് വരുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്വീയിംഗ് ടീച്ചറുടെ യോഗ്യതയനുസരിച്ചാണ് ജയിൽ വകുപ്പിലും ടെയ് ലറിംഗ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നത്. എന്നാൽ ഇവർക്ക് ജയിലിൽ യോഗ്യതയ്ക്ക് അനുസരിച്ച സ്‌കെയിൽ ലഭിച്ചില്ലെന്നാണ് പരാതി.