
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഇന്ന് തലസ്ഥാനത്തെത്തും. സംസ്ഥാനത്ത് എൻ.ഡി.എയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇതോടെ തുടക്കം കുറിക്കപ്പെടും.
നദ്ദയുടെ സന്ദർശനത്തോടെ പാർട്ടി അണികളെ പൂർണമായി രംഗത്തിറക്കാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന 20 ദിവസത്തെ വിജയ് യാത്രയ്ക്ക് 15ന് തുടക്കമാവും. വിജയ് യാത്രയ്ക്കിടെ നിരവധി ദേശീയ നേതാക്കൾ സംസ്ഥാനത്തെത്തും. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് നൽകിയ വലിയ പരിഗണനയും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് ബി.ജെ.പിയുടെ നീക്കം.
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് നദ്ദയ്ക്കുള്ളത്. ഇന്ന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന നദ്ദയെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും മറ്റും നേതൃത്വത്തിൽ സ്വീകരിക്കും. നിരവധി വാഹനങ്ങളുടെയും, നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ബൈക്ക് റാലിയുടെയും അകമ്പടിയോടെ അദ്ദേഹത്തെ ബി.ജെ.പി സംസ്ഥാന കാര്യാലയമായ തൈക്കാട് മാരാർജി ഭവനിലേക്ക് ആനയിക്കും. ഹൈസിന്ത് ഹോട്ടലിൽ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് 4 ന് വാർത്താസമ്മേളനം നടത്തും. 5ന് സംസ്ഥാനത്തെ കോർപ്പറേഷൻ, മുനിസിപ്പൽ കൗൺസിലർമാരുടെയും മണ്ഡലം കൺവീനർമാരുടെയും യോഗത്തെ അഭിസംബോധന ചെയ്യും. 6.30ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തുന്ന ബി.ജെ.പി അദ്ധ്യക്ഷൻ, തുടർന്ന് പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തും. എൻ.ഡി.എ നേതാക്കളുമായി രാത്രി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, നാളെ രാവിലെ 8ന് നെടുമ്പാശ്ശേരിക്ക് പോകും. നാളെ വൈകിട്ട് തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യും.