police-traibing-centre

കാസർകോട്: ജനസൗഹൃദ പ്രവർത്തനങ്ങളിലൂടെ മാതൃകയാവുകയാണ് കാസർകോട്ടെ പൊലീസുകാർ. കൊവിഡ് കാലത്ത് ജനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിച്ചാണ് ഇടപെടൽ. മരുന്നുകൾ നൽകുന്നതിനായി 'സ്വരക്ഷ', അവശ്യസാധനങ്ങൾ നൽകുന്നതിനായി 'അമൃതം' എന്നീ ടെലി പ്ലാറ്റ്‌ഫോമുകൾക്ക് തുടക്കമിട്ടത് പൊലീസാണ്. രോഗികളെയും നിരീക്ഷണത്തിൽ കഴിയുന്നവരെയും ക്വാറന്റൈനിൽ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബൈക്ക് പട്രോളിംഗ് അടക്കം നടപ്പാക്കി. ജില്ലയിൽ സമ്പർക്ക വ്യാപനം കുറയ്ക്കാൻ ഐ.ജി. വിജയ് സാക്കറെയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ട്രിപ്പിൾ ലോക് ഡൗൺ, ഡ്രോൺ നിരീക്ഷണം തുടങ്ങിയ നടപടികൾ പിന്നീട് കേരളമാകെ വ്യാപിപ്പിച്ചു.


കൃത്യത ഉറപ്പാക്കാൻ ലീഗൽ സെൽ

കേസന്വേഷണത്തിന് കൃത്യത ഉറപ്പാക്കാനായാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് ജില്ലാ പൊലീസ് ലീഗൽ സെൽ പ്രവർത്തിക്കുന്നത്. എല്ലാ കേസുകളിലും കോടതിയിൽ ചാർജ് കൊടുക്കുന്നതിനു മുമ്പായി കേസിനെ പറ്റി വിശദമായി പഠിച്ചു അന്വേഷണ അപാകതകളുള്ളവ പരിഹരിക്കാനായി നിയമ കാര്യങ്ങളിൽ യോഗ്യരായ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ലീഗൽ രൂപികരിച്ചത്. കഴിഞ്ഞ വർഷം സ്ഥാപിച്ച ജനമൈത്രി റൂം, പൊലീസ് പരിശീലന കേന്ദ്രം തുടങ്ങിയവയെല്ലാം നേട്ടങ്ങളാണ്.


കുട്ടികൾക്കായി സഹൃദയയും പൊൻപുലരിയും പിന്നെ കേപ്സും

സാമൂഹ്യ-സാമുദായിക പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി യുവജനക്ലബ്ബുകളുമായി സഹകരിച്ച് പൊലീസ് 'സഹൃദയ' പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി. കുട്ടികളിൽ മതേതരത്വവും ഐക്യവും മാനവികതയും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ജില്ലാ വിദ്യാഭ്യാസ വകുപ്പുമായി യോജിച്ച് ആരംഭിച്ച 'പൊൻപുലരി' പദ്ധതിയും വിജയപാതയിലാണ്. നിലവിൽ 24 സർക്കാർ സ്‌കൂളുകളിലും ഒമ്പത് എയ്ഡഡ് സ്‌കൂളുകളിലുമായി 1200 ഓളം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന 37 പൊൻപുലരി ക്ലബ്ബുകളുണ്ട്. ആറ് പൊലീസ് സ്റ്റേഷനുകൾ ഇന്ന് ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളാണ്. മഞ്ചേശ്വരം, കാസർകോട്, ബദിയടുക്ക, നീലേശ്വരം, രാജപുരം, ആദൂർ എന്നിവയാണ് ജില്ലയിലെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾ.


സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ കാസർകോട്

ജില്ലാ പൊലീസ് ആസ്ഥാനത്തെ കെട്ടിടത്തിലാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ജില്ലയിൽ പ്രവർത്തിച്ചിരുന്ന സൈബർ സെൽ ഉയർത്തിയാണ് സൈബർ പൊലീസ് സ്റ്റേഷനാക്കിയത്. മൊബൈൽ ദുരുപയോഗം, ബാങ്കിങ്, ഓൺലൈൻ തട്ടിപ്പ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ വിശദമായി അന്വേഷിക്കാനും നടപടികൾ സ്വീകരിക്കാനും സൈബർ പൊലീസ് സ്റ്റേഷനിലൂടെ സാധിക്കുന്നു.


കാസർകോട് വനിത പൊലീസ് സ്റ്റേഷൻ

ജില്ലയിൽ സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച കേസുകൾ അന്വേഷിക്കുന്നതിനായി 2020 ഏപ്രിലിലാണ് ജില്ലയിൽ വനിത പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനോട് ചേർന്ന കെട്ടിടത്തിലാണ് വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കൂടാതെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിതാ ഹെൽപ് ഡെസ്‌കും പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പറഞ്ഞു.