
തൃശൂർ: വിൽപ്പനയ്ക്കായി 1.0020 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കേസിലെ പ്രതിയെ 2 വർഷം കഠിനതടവിനും 10000 രൂപ പിഴ അടയ്ക്കുന്നതിനും തൃശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എസ്. ഭാരതി ശിക്ഷിച്ചു.ആന്ധ്രപ്രദേശ് ഗോദാവരി ജില്ലയിലെ കാക്കിനട ഈസ്റ്റ് ദേശത്ത് ധനമ്മ ടെമ്പിൾ സ്ട്രീറ്റിൽ കൈതയ്ക്കൽ ഒലേട്ടി പ്രിൻസിനെ (52) ആണ് ശിക്ഷിച്ചത്. 2018 സെപ്തംബർ 18 വൈകിട്ട് 5.10ന് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനകത്തെ കാന്റീനിന് മുമ്പിലായിരുന്നു കേസിനാസ്പദമായ സംഭവം.പ്രതി കഞ്ചാവുമായി സംഭവസ്ഥലത്ത് നിൽക്കുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് ടൗൺ ഈസ്റ്റ് സബ് ഇൻസ്‌പെക്ടർ കെ. ഉമേഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പൊലീസ് ബലമായി പ്രതിയെ പിടിച്ചുനിറുത്തി പിടികൂടുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസറും, ഇപ്പോൾ ഗുരുവായൂർ സർക്കിൾ ഇൻസ്‌പെക്ടറുമായ കെ.സി. സേതുവാണ് അന്വേഷണം പൂർത്തിയാക്കിയത്.
തമിഴ്‌നാട് സ്വദേശിയാണ് പ്രതിക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. എന്നാൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടാൻ സാധിക്കാത്തതുമൂലം കഞ്ചാവിന്റെ ഉറവിടം കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതി ഒലേട്ടി പ്രിൻസ് ആന്ധ്രയിലാണ് താമസമെങ്കിലും തൃശൂർ സ്വദേശിയാണ്.കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 8 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ പി. ഡിനി ലക്ഷ്മൺഹാജരായി.