nixon

മാള: പ്ലസ്‌ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസ് ചുമത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുത്തൂർ സ്വദേശി ഒളാട്ടുപുറത്ത് നിക്സൺ (20)​ ആണ് അറസ്റ്റിലായത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ മാള സി.ഐ: സജിൻ ശശിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന നിക്സൺ പീഡിപ്പിച്ചിരുന്നതായി മരണ ശേഷം മൊഴി ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം നിക്സണും ഇക്കാര്യം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

പീഡനം സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ലഭിച്ചതായും സൂചനയുണ്ട്. പെൺകുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസിന് പിന്നീട് ലഭിച്ച പരാതിയിലാണ് നിക്സനെ പ്രതി ചേർത്തത്.

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സ് വിദ്യാർത്ഥിയായ യുവാവുമായി പെൺകുട്ടി ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. നിരന്തരം ഫോണിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുന്നതിനും പുറമെ പ്രതി രാത്രി വീട്ടിൽ വരാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. പരീക്ഷ സമയത്ത് നിക്‌സനെ ഫോണിൽ വിളിക്കുന്നത് വിലക്കിയപ്പോൾ ഒഴിവാക്കുന്നുവെന്ന തോന്നലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.