c

തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിലെ കച്ചവട സ്ഥാപനങ്ങൾക്കുള്ള ട്രേഡ് ലൈൻസ് ( ഡി ആൻഡ് ഒ ) ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനം കൊവിഡിന്റെ മറവിൽ അട്ടിമറിച്ചു. ഇതോടെ രണ്ടുവർഷം മുമ്പ് അവസാനിച്ച ഇടനിലക്കാരും പണപ്പിരിവും വീണ്ടും സജീവമായി. രണ്ടുമാസം മുമ്പാണ് ഓൺലൈൻ സംവിധാനത്തോടൊപ്പം ഓഫ്‌ലൈനായും ലൈസൻസിന് അനുമതി നൽകാൻ തുടങ്ങിയത്. വി.കെ. പ്രശാന്ത് മേയറായിരുന്നപ്പോഴാണ് ട്രേഡ് ലൈസൻസിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. ഇതിനായി ഐ.കെ.എം സോഫ്റ്റുവെയറും തയ്യാറാക്കി. സെക്രട്ടറിയാണ് അധികാരിയെങ്കിലും ലൈസൻസ് ലഭ്യമാക്കാൻ ഹെൽത്ത് ഓഫീസർ ശശികുമാറിനെ ചുമതലപ്പെടുത്തി. ഹെൽത്ത് ഓഫീസറുടെ ജോലിഭാരം കാരണം അപേക്ഷകൾ തീർപ്പാക്കുന്നത് നീണ്ടുപോയതോടെ ഹെൽത്ത് സൂപ്പർവൈസർ പ്രകാശിനെ ഇതിനായി നിയോഗിച്ചു. പ്രകാശിന് ഡിജിറ്റൽ സിഗ്നേച്ചറും ലഭ്യമാക്കി. സുഗമമായി ലൈസൻസ് ലഭ്യമാക്കി വരുന്നതിനിടെ കൊവിഡിന്റെ പേരിൽ രണ്ടുമാസം മുമ്പ് സെക്രട്ടറിയായിരുന്ന ബിനി മറ്റൊരു ഹെൽത്ത് സൂപ്പർവൈസറായ ഉണ്ണിയെയും അനുമതി നൽകാൻ ചുമതലപ്പെടുത്തി. ഐ.കെ.എം അധികൃതരോട് ആവശ്യപ്പെട്ട് ഇദ്ദേഹത്തിനും യൂസർ ഐ.ഡിയും പാസ്‌വേഡും ലഭ്യമാക്കി. എന്നാൽ ഡിജിറ്റൽ സിഗ്നേച്ചർ ഒരാൾക്ക് മാത്രമായതിനാൽ അത് ലഭ്യമായില്ല. ഇതോടെ രണ്ടാമത് നിയോഗിച്ച ഹെൽത്ത് ഓഫീസർ അനുമതി നൽകുന്ന സർട്ടിഫിക്കറ്റിൽ ഡിജിറ്റൽ സിഗ്നേച്ചറില്ല. ഇത് പ്രിന്റൗട്ട് എടുത്ത് അപേക്ഷകൻ കോർപ്പറേഷൻ ആസ്ഥാനത്തെത്തി ഉദ്യോഗസ്ഥനെ കണ്ട് ഒപ്പിട്ടുവാങ്ങുന്നതാണ് പുതിയ രീതി. ഇതോടെ കോർപ്പറേഷനുള്ളിൽ ഓൺലൈനിന് സമാന്തരമായി ഓഫ്‌ലൈനായും ലൈസൻസ് ലഭ്യമാക്കി തുടങ്ങി.

ഓൺലൈൻ അപേക്ഷ എങ്ങനെ

 അക്ഷയസെന്റർ മുഖാന്തരമോ അപേക്ഷകർക്ക്

സ്വന്തമായി കോർപ്പറേഷൻ സൈറ്റിലൂടെ അപേക്ഷിക്കാം

 അനുബന്ധരേഖകൾ സമർപ്പിക്കാനും ഫീസ്

ഓൺലൈനായി ഒടുക്കാനും കഴിയും

 അപേക്ഷയിൽ അപാകതയുണ്ടെങ്കിൽ അഞ്ചുദിവസത്തിനുള്ളിൽ

ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അറിയിപ്പ് ലഭിക്കും

 അപേക്ഷ അംഗീകരിച്ചാൽ സോണൽ ഓഫീസിലേക്ക് ഈ ഫയൽ കൈമാറും

 ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് ലഭ്യമാക്കും.

പരമാവധി 30 ദിവസമാണ് സമയം

30 ദിവസം അപേക്ഷയിൻ മേൽ ഉദ്യോഗസ്ഥൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അനുമതി

നൽകിയതായി കണക്കാക്കി മുന്നോട്ടുപോകാം ( ഡീംഡ് ലൈസൻസ് )