
തിരുവനന്തപുരം :ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശകൾ പഠിച്ച് നടപ്പാക്കാവുന്ന കാര്യങ്ങൾ തീരുമാനിക്കാൻ സാധാരണ പോലെ, മന്ത്രിസഭാ ഉപസമിതി രൂപീകരണം ഇത്തവണ ഉണ്ടാകില്ല. പകരം,നിർദേശങ്ങൾ അറിയിക്കാൻ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചേക്കും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് വാങ്ങി അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും.
. ജീവനക്കാരുടെ വിരമിക്കൽ ഒരു വർഷത്തേയ്ക്കു നീട്ടണമെന്ന ശുപാർശ അംഗീകരിക്കേണ്ടെന്നാണ് ധാരണ. ബാക്കി നിർദേശങ്ങൾ അംഗീകരിക്കാനായിരുന്നു ആദ്യ ആലോചനയെങ്കിലും, പരാതികൾ പരിഹരിച്ച ശേഷമാവും തീരുമാനം.
സെക്രട്ടേറിയറ്റിലെ ക്ലാസ് ഫോർ ജീവനക്കാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ജയിൽ ജീവനക്കാർ തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് പരാതിയുണ്ട്. ഇവ കൂടി പരിഗണിച്ച ശേഷമായിരിക്കും റിപ്പോർട്ട് നടപ്പിലാക്കുക. കുടിശികയുള്ള ക്ഷാമബത്തയിൽ ഒരെണ്ണം ഉടൻ അനുവദിച്ചേക്കും. ഇതിനായി പ്രത്യേക ഉത്തരവിറക്കും. വീട്ടുവാടക അലവൻസ് 2022 ജൂലായ് മുതൽ നടപ്പിലാക്കാനാണ് കമ്മിഷൻ നിർദ്ദേശിച്ചതെങ്കിലും, ഈ ഏപ്രിലിൽ തന്നെ നൽകിയേക്കും.