
തിരുവനന്തപുരം: നിരത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റുകൾ മറച്ച് വാഹനം ഓടിക്കുന്നവരെ മോട്ടോർ വാഹന വകുപ്പ് പിടികൂടും. ഇന്നലെ മുതൽ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന തുടങ്ങി. ഇന്നലെ ചാലക്കുടി ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ നമ്പർപ്ലേറ്റ് മറച്ചുവച്ച് ഓടിയ 15 വാഹനങ്ങളാണ് പിടികൂടിയത്.കാറുകൾക്ക് 3,000 രൂപയും മിനിലോറി ഉൾപ്പെടെ ഇടത്തരം വാഹനങ്ങൾക്ക് 4000 രൂപയും ലോറികൾക്ക് 7,000 രൂപയുമാണ് ഈടാക്കിയത്.
കാമറകളിൽപ്പെടാതിരിക്കാൻ ലോറികളിലും മിനിലോറികളിലും തകിടുകൾ സ്ഥാപിച്ചാണ് പ്ലേറ്റുകൾ മറച്ചിരുന്നത്.
നമ്പർപ്ലേറ്റ് ഊരിമാറ്റി ബൈക്കുകളിൽ പായുന്നവരേയും വരും ദിവസങ്ങളിൽ പിടികൂടും. മുന്നിൽ നമ്പർപ്ലേറ്റുണ്ടെങ്കിലും പിന്നിൽ നമ്പർപ്ലേറ്റ് ഘടിപ്പിക്കാതെയുള്ളവരാണ് ഏറെയും. അക്കങ്ങൾ വ്യക്തമാകാത്ത തരത്തിൽ ചിലർ നമ്പർപ്ലേറ്റുകൾ തിരിച്ചുവെയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളും നമ്പർപ്ലേറ്റുകളിൽ മണ്ണും ചെളിയും പുരട്ടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത്തരക്കാർക്കും 5,000 രൂപ വരെ പിഴ ചുമത്താനാണ് നീക്കം.