
മാള: വഴക്കിനെ തുടർന്ന് ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. വടമ പാണ്ഡ്യാലക്കൽ അനൂപിന്റെ ഭാര്യ സൗമ്യ(30) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് മരിച്ചത്. കഴിഞ്ഞ 18 നാണ് സംഭവം നടന്നത്. മൊബൈൽ ഫോണിന്റെ പേരിൽ വഴക്കിട്ടാണ് ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്ത അനൂപ് കുറ്റം സമ്മതിച്ചിരുന്നു. മദ്യപിച്ചെത്തി സ്ഥിരമായി ഭാര്യയുമായി വഴക്കിടുമായിരുന്നു. 75 ശതമാനത്തിലധികം പൊള്ളലേറ്റ സൗമ്യ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ശരീരത്തിന്റെ തൊലിഭാഗത്തെ വ്രണങ്ങൾ ഭേദമായെങ്കിലും ആന്തരീകാവയവങ്ങളെ ബാധിച്ചിരുന്നു. അരുണിമ, അവിഷ്ണവ് എന്നിവർ മക്കളാണ്.