പോത്തൻകോട്: അയൽവാസിയുടെ വീട്ടിലെത്തി ബഹളം വച്ചയാളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ അക്രമിച്ച് പ്രതി രക്ഷപ്പെട്ടു. അയിരൂപ്പാറ തിപ്പലിക്കോണം രാമപുരത്ത് ചന്തുവാണ് പൊലീസിന് നേരം അക്രമം അഴിച്ചുവിട്ടത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
ചന്തു മദ്യപിച്ച് ബഹളം വയ്ക്കുന്നതായി അയൽവാസി ഫോണിൽ വിളിച്ച് പരാതിപ്പെട്ടതിനെ തുടർന്നാണ് പോത്തൻകോട് സ്റ്റേഷനിലെ എ.എസ്.ഐ ഉൾപ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോൾ ഇയാൾ ബഹളം തുടരുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതിയെ പിടികൂടുന്നതിനിടയിൽ എ.എസ്.ഐ ഷാജിയെ ആക്രമിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ വലതുകൈയിലെ ചൂണ്ടുവിരലിനും മോതിര വിരലിനും ഓടിവ് സംഭവിച്ച എ.എസ്.ഐയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടാൻ ഊർജ്ജിത അന്വോഷണം ആരംഭിച്ചതായി പോത്തൻകോട് എസ്.ഐ അജീഷ് പറഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഇയാൾക്കെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു. സ്ഥിരം പ്രശ്നക്കാരനായ ഇയാൾക്കെതിരെ വേറെയും കേസുകൾ നിലവിലുണ്ട്.