
അദിതി റാവു ഹൈദരിയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ലെന്നു തന്നെ പറയാം. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ സുജാതയായി അടുത്തിടെ മലയാളികളുടെ മനം കവർന്ന താരമാണ് അദിതി. വർഷങ്ങൾക്കു മുൻപ് 'പ്രജാപതി' എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു അദിതിയുടെ മലയാളത്തിലെ അരങ്ങേറ്റം. ഇപ്പോഴിതാ താരത്തിന്റെ ഒരു കുട്ടിക്കാലചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സൂഫിയും സുജാതയും വലിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തലേക്ക് അദിതി മടങ്ങിയെത്തിയ ചിത്രമായിരുന്നു. ഹൈദരിക്ക് പ്രശസ്തി നേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ൽ സുധീർ മിശ്ര സംവിധാനം ചെയ്ത 'യേ സാലി സിന്ദഗി' ആയിരുന്നു. ഈ ചിത്രം അവർക്ക് മികച്ച സഹനടിക്കുളള സ്‌ക്രീൻ അവാർഡ് നേടിക്കൊടുത്തു. റോക് സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ 'പത്മാവതി' എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ.രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് അദിതി റാവു ഹൈദരി. 2007ൽ തമിഴ് ചിത്രമായ 'സ്രിംഗാരം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇതിലെ ദേവദാസി കഥാപാത്രം അദിതിയെ ശ്രദ്ധേയമാക്കി. 'ദ ഗേൾ ഓൺ ദ ട്രെയിൻ' എന്ന ബോളിവുഡ് ചിത്രമാണ് അദിതിയുടെ പുതിയ സിനിമ. തെലുങ്ക് ചിത്രം 'മഹാസമുദ്രം' അദിതിയുടേതായി പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ.