
കാഞ്ഞങ്ങാട്: ഓട്ടോയുടെ മടക്കയാത്രയിൽ വാങ്ങിയിരുന്ന ചാർജ്ജ് ഇരട്ടിയാക്കി കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർമാർ. ജില്ലാ ആശുപത്രിയിൽ നിന്നും കോട്ടച്ചേരി ബസ് സ്റ്റാൻഡിലേക്ക് 20 രൂപയാണ് പുതിയ നിരക്ക്. തിങ്കളാഴ്ച വരെ 10 രൂപയായിരുന്നു ചാർജ്ജ്. പുതുക്കിയ നിരക്ക് പ്രകാരം 10 രൂപയ്ക്ക് അലാമിപ്പള്ളി ബസ് സ്റ്റാൻഡ് വരെ മാത്രമേ സഞ്ചരിക്കാനാകൂ. പിന്നീട് പുതിയകോട്ടയ്‌ക്കോ കോട്ടച്ചേരിയിലേക്കോ വരണമെങ്കിൽ 10 രൂപ അധികം നൽകണം. ജില്ലാ ആശുപത്രിയിലെത്തുന്ന സാധാരണക്കാർ ബസ് വരാൻ താമസിച്ചാൽ മൂന്നും നാലും പേർ ഒരുമിച്ച് ഓട്ടോയിൽ കയറും. അങ്ങനെ കയറുന്നവരോട് തലയൊന്നിന് 20 രൂപ വാങ്ങിയാൽ ഒരു വരവിൽ തന്നെ ഓട്ടോ ഡ്രൈവറുടെ കീശയിൽ 80 രൂപ എത്തും. കാഞ്ഞങ്ങാട് നിന്നും മാവുങ്കാലിലേക്ക് പോകുമ്പോഴും നിരക്കിൽ ഇതേ രീതിയിലാണ് വർദ്ധനവ്. എന്നാൽ നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ കോ ഓർഡിനേഷൻ കമ്മിറ്റി ഇത്തരമൊരു വർദ്ധനവിന് നിർദ്ദേശം നൽകിയിട്ടില്ലെന്ന് നേതാവ് കാറ്റാടി കുമാരൻ പറഞ്ഞു. ഓട്ടോറിക്ഷ പൊതു വാഹനമാണ് . അതുകൊണ്ടു തന്നെ വാടകനിരക്ക് നിശ്ചയിക്കുന്നത് സർക്കാരാണ്. ഡ്രൈവർമാർക്ക് സ്വന്തം നിലയിൽ വാടക വർദ്ധിപ്പിക്കാൻ കഴിയില്ലെന്നിരിക്കേ ഇന്നലെ മുതൽ നടപ്പിലായ വർദ്ധനവ് ആരുടെ ഉത്തരവാദിത്വമാണെന്ന് യാത്രക്കാർ ചോദിക്കുന്നു. ഡ്രൈവർമാർ മുൻകൂട്ടി പറഞ്ഞുകൊണ്ടു തന്നെയാണ് യാത്രക്കാരെ ഓട്ടോയിൽ കയറ്റുന്നത്. അത്യവശ്യമായി എത്തേണ്ടതിനാൽ യാത്രക്കാർ വലിയ തർക്കത്തിനൊന്നും നിൽക്കുന്നില്ല. എന്നാൽ വരും ദിവസങ്ങളിൽ വാടകയെചൊല്ലി തർക്കങ്ങൾ പതിവാകുമെന്നാണ് മനസിലാക്കുന്നത്. അതേസമയം ഓട്ടോ റിക്ഷകൾ ഈ രീതിയിൽ ട്രിപ്പ് അടിക്കുന്നത് തന്നെ നിയമവിരുദ്ധമാണെന്നും ത്രൈ മാസ നികുതിയായി മുപ്പത്തിഅയ്യായിരത്തിലേറെ രൂപ അടക്കുന്ന ബസുടമകളും പറയുന്നു.