
കൊയിലാണ്ടി: രണ്ട് തവണ മത്സരിച്ചവരെ മാറ്റുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം കർശനമായി നടപ്പാക്കുകയാണെങ്കിൽ കൊയിലാണ്ടിയിൽ കെ. ദാസൻ എം.എൽ.എയ്ക്ക് മൂന്നാം ഊഴം ലഭിക്കാൻ ഇടയില്ലാതാകും. പകരം സ്വീകാര്യനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ സി.പി.എം ഏറെ വിയർപ്പൊഴുക്കേണ്ടിയും വരും. കഴിഞ്ഞ രണ്ട് തവണയും കെ. ദാസനാണ് കൊയിലാണ്ടിയിൽ നിന്ന് വിജയിച്ചത്. ആദ്യ തവണ കോൺഗ്രസ് നേതാവായ കെ.പി. അനിൽ കുമാറിനേയും രണ്ടാം തവണ എൻ. സുബ്രഹ്മണ്യനേയുമാണ് കെ. ദാസൻ വീഴ്ത്തിയത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയമസഭ ഉൾക്കൊള്ളുന്ന ആറ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് രണ്ടായിരത്തിലധികം വോട്ടുകളാണ് യു.ഡി.എഫിനേക്കാൾ എൽ.ഡി.എഫ് നേടിയത്. ആറ് തദ്ദേശ സ്ഥാപനങ്ങളിൽ പയ്യോളി ഒഴികെ അഞ്ചും എൽ.ഡി.എഫ് നേടുകയും ചെയ്തു. കൊയിലാണ്ടി ഒരു യു.ഡി.എഫ് സീറ്റ് ആണെന്നാണ് രാഷ്ട്രീയവിലയിരുത്തൽ. ഇ. നാരായണൻ നായർ, മണിമംഗലത്ത് കുട്യാലി എന്നീ പ്രാദേശിക നേതാക്കളും എം.ടി പത്മ, അഡ്വ. കെ. ശങ്കരൻ തുടങ്ങിയ ഇറക്ക് മതിക്കാരും ഇവിടെ നിന്ന് വിജയിച്ചവരാണ്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ഇടത് പക്ഷത്തിന് വിജയിക്കാൻ സാഹചര്യമൊരുക്കിയതെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
എന്നാൽ അതൊക്കെ പഴങ്കഥയാണെന്നും കൊയിലാണ്ടിയും ഇടത് പക്ഷത്തേത്ത് ചാഞ്ഞു കഴിഞ്ഞെന്നും സി.പി.എം. നേതാക്കൾ പറയുന്നു. പക്ഷെ കെ. ദാസൻ എം.എൽ.എയെ മാറ്റി നിർത്തിയാൽ മണ്ഡലത്തിൽ നിന്ന് പകരക്കാരനെ കണ്ടെത്താൻ സി.പി.എം ഏറെ ബുദ്ധിമുട്ടും. കൊയിലാണ്ടി, പയ്യോളി ഏരിയാ ഘടകങ്ങൾ ചേർന്നതാണ് കൊയിലാണ്ടി മണ്ഡലം. ഒരു കഴിവുറ്റ രണ്ടാം നിരയെ രൂപപ്പെടുത്തിയെടുക്കാൻ നേതൃത്വത്തിന് കഴിയാത്തതാണ് പ്രശ്നം. പയ്യോളി ഏരിയ സെക്രട്ടറി ടി. ചന്തു നിലവിൽ മുൻസിപ്പാലിറ്റി അംഗമാണ്. മാത്രമല്ല ബി.ജെ.പി. നേതാവായ മനോജ് വധക്കേസിൽ പ്രതിചേർക്കപ്പെട്ടതും പ്രായാധിക്യവും അദ്ദേഹത്തിന്റെ പ്രതികൂല ഘടകങ്ങളാണ്. പിന്നെ സാദ്ധ്യതയുള്ളത് കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ.കെ മുഹമ്മദിനാണ്. ന്യൂനപക്ഷ പ്രാതിനിധ്യം ഇതിലൂടെ ഉറപ്പു വരുത്താനും കഴിയും. മണ്ഡലത്തിന് പുറത്തുനിന്ന് ഒരാളെ പരീക്ഷിക്കാൻ സി.പി.എം സാദ്ധ്യതയില്ല. നേരത്തെ സംസ്ഥാനകമ്മിറ്റി അംഗം ടി. ദേവിയെ കൊയിലാണ്ടിയിൽ മത്സരിപ്പിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. അഥവാ സീറ്റ് നിലനിർത്താൻ കെ. ദാസൻ അനിവാര്യമാണെന്ന് വന്നാൽ മാത്രമ അദ്ദേഹത്തിന് മൂന്നാം ഊഴം ലഭിക്കുകയുള്ളൂ. പുതിയ രാഷ്ടീയ സാഹചര്യത്തിൽ ഒരു പുതുമുഖത്തിനെയായിരിക്കും സി.പി.എം കൊയിലാണ്ടിയിലിറക്കുക.