 
ജീവിതത്തിൽ സി.വി ആചരിച്ച അസാമാന്യമായ എളിമയും തൻവലിപ്പം കാട്ടായ്മയും വ്യാസസമാനമായ ചിരിയും മലയാളികൾക്കെന്നല്ല ലോകത്ത് ആർക്കും ഒരുപോലെ വഴികാട്ടികളാകാവുന്നവയാണ്. അറിവിന്റെ നിറവിൽനിന്നല്ലാതെ ആ എളിമയും ഹാസവും ധൈര്യവും പുറപ്പെടുകയില്ല
ഹൈസ്കൂൾ കാലത്ത് മലയാളം അദ്ധ്യാപകനാണ് എനിക്ക് സി.വിയെ പരിചയപ്പെടുത്തിത്തന്നത്. നല്ല മലയാളഗദ്യം എഴുതാൻ പഠിക്കുന്നതിന് സി.വിയുടെ കൃതികൾ ആവർത്തിച്ചു വായിച്ചാൽ മതിയെന്നും പറഞ്ഞു. ഈ ഉപദേശം എനിക്കു വളരെ സഹായകമായി. ഐച്ഛികമായി ഞാൻ പഠിച്ചത് ഫിസിക്‌സും ഗണിതവുമൊക്കെ ആയിരുന്നു. ഭാഷയിൽ കുറച്ചെങ്കിലും പരിചയം കിട്ടിയത് എഴുത്തച്ഛന്റെയും നമ്പ്യാരുടെയും ആശാന്റെയും പദ്യവും സി.വി., നാലപ്പാടൻ, കുട്ടിക്കൃഷ്ണമാരാർ എന്നിവരുടെ ഗദ്യവുമായി ഇടപഴകിയാണ്.
ഇന്നും ഇപ്പറഞ്ഞവരുടെ ഗദ്യപദ്യങ്ങൾ ഇതേ ആവശ്യത്തിനുതകുംവിധം നിത്യനൂതനമായിത്തന്നെ ഇരിക്കുകയും ചെയ്യുന്നു. പിന്നെ എങ്ങനെ ഇവരിൽ ഓരോരുത്തരെയും ഗുരുസ്ഥാനീയരായി ഓർക്കാതിരിക്കും? സി.വിയേയും എന്റെ ഗുരുനാഥന്മാരുടെ കൂട്ടത്തിലാണ് ഞാൻ കാണുന്നത്.
സി.വിയുടെ ഗദ്യത്തിന് ഒരു സവിശേഷത കൂടിയുണ്ട്. അതിന് ജാതിയും മതവുമില്ല. എന്നുവച്ചാൽ അത് മലയാളനാട്ടിനാകെ മാനകമാണ്. മറ്റുള്ള ഗദ്യകൃതികളൊന്നും അങ്ങനെയല്ലേ എന്നാണെങ്കിൽ, എഴുതിയ ആളുടെ ജാതിയും മതവും തിരിച്ചറിയാൻ കഴിയാത്ത ഗദ്യം രചിച്ച എഴുത്തുകാർ വിരളമാണ്. ഇതെങ്ങനെ സംഭവിച്ചു എന്നല്ലേ? കേരളത്തിൽ കാക്കത്തൊള്ളായിരം ജാതികളും ലോകത്തിലെ എല്ലാ മതങ്ങളും ഉള്ളതിനാൽ അത്രയും എണ്ണം പ്രത്യേകഭാഷകളുമുണ്ട്.
ജാതികളാണ് മതങ്ങളെക്കാൾ എണ്ണത്തിൽ കൂടുതൽ. ഓരോ ജാതിക്കും മറ്റോരോ ജാതിയോടും പറയാനുള്ള ഭാഷ പ്രത്യേകമാണ്. ആചാരഭാഷ എന്നൊന്ന് വിശേഷിച്ച് വേറെയുമുണ്ട്. ചാവുന്നവരും മരിക്കുന്നവരും സ്വർഗം പൂകുന്നവരും ചരമമടയുന്നവരും കാലം ചെയ്യുന്നവരും ദേഹവിയോഗം സംഭവിക്കുന്നവരും സമാധിയാകുന്നവരും അല്ലാതെ ജീവൻ പോകുന്നവർ വിരളം. പെറ്റുവീഴുന്നവരും പിറക്കുന്നവരും ഭൂജാതരാകുന്നവരും ജനിക്കുന്നവരും വയറൊഴിഞ്ഞ് ഉണ്ടാകുന്നവരും അവരിൽത്തന്നെ തിരുവയറൊഴിഞ്ഞ് പുറത്തുവരുന്നവരും വേറെയുമുണ്ട്. തിന്നുന്നവരും ഉണ്ണുന്നവരും ഭക്ഷിക്കുന്നവരും ആഹാരം കഴിക്കുന്നവരും മുതൽ അമൃതേത്തുകാർവരെ സുലഭം.
നീ എന്നു മാത്രമേ (you) വെള്ളക്കാരന് അറിയാവൂ. നമുക്ക് നീ എന്നതിനു പുറമേ നിങ്ങളും താങ്കളും അങ്ങും അങ്ങുന്നും അവിടന്നും മറ്റുമറ്റുമുണ്ട്. അച്ഛൻ ഇല്ലാത്ത കുഞ്ഞ് പാവമാണ്. അച്ഛൻ മരിച്ചുപോയ കുട്ടിയാണ്. പക്ഷേ, തന്തയില്ലാത്ത കുഞ്ഞ് പിഴച്ചുണ്ടായ ഉരുപ്പടിയാണ്. മലയാളിക്ക് ഇപ്പോൾ തന്തയില്ല, പകരം ജനയിതാവും പിതാശ്രീയും മറ്റും മാത്രം. മുത്തശ്ശൻ ചത്തു. പിതാമഹൻ ഭൂജാതനായി. ജാതിക്കോമരങ്ങളായി നാം അധിക്ഷേപിക്കുന്ന വടക്കേ ഇന്ത്യക്കാർക്കുപോലും തൂ, തും, ആപ്പ് എന്ന് മൂന്നേ തരംതിരിവുള്ളൂ. ബ്രാഹ്മണ - ക്ഷത്രിയ - ശൂദ്രവർഗത്തിന് ഒാരോന്ന്. നമുക്ക് അതും പോരാ.
നേരത്തെ നിലവിൽ വന്ന എഴുത്തച്ഛൻഭാഷ ബുദ്ധിമോശം കൊണ്ട് കളഞ്ഞുകുളിച്ചതോ പോകട്ടെ, ഐക്യകേരളമുണ്ടായതോടെയെങ്കിലും ജാതിമത വിമുക്തമായ ഒരു ഭാഷ ഉണ്ടാകേണ്ടതായിരുന്നു. തൊട്ടുമുമ്പ് ഉണ്ടായിക്കിട്ടിയതിനെ അതിനർഹമായ സ്ഥാനം നൽകി ഉയർത്തിയും മാതൃകയാക്കിയും മുറുകെപ്പിടിച്ചാലെങ്കിലും മതിയായിരുന്നു. അതിനു പകരം നാം ചെയ്തത് ഏറ്റവും മുന്തിയ ജാതിയുടെ എന്ന ധാരണയിൽ സംസ്‌കൃതത്തെ നമ്മുടെ വരമൊഴിയിൽ പ്രധാന പദസമുച്ചയമാക്കുകയായിരുന്നു.
അത്യുന്നത ജാതിക്കാർ സംസ്‌കൃതം വരമൊഴിയായോ വീട്ടിൽ സംസാരഭാഷയായോ ഉപയോഗിക്കാറില്ല എന്നത് മറ്റൊരു തമാശ. എല്ലാവർക്കും സ്വീകാര്യമാവും എന്നൊരു മട്ടിലാണ് തലയ്ക്ക് അന്യമായ ഇൗ തൊപ്പി അണിയൽ പ്രചാരത്തിൽ വന്നത്. സ്വീകാര്യമെന്ന് ആരുമാരും നടിക്കാതിരുന്നില്ല. പക്ഷേ, ആരുടെയും ഉള്ളിൽത്തട്ടാത്ത, സ്വന്തമെന്ന് ആർക്കും തോന്നാത്ത ഭാഷയായിപ്പോയി തുടർന്നുണ്ടായ ഗദ്യം.
പഴയ പദങ്ങൾ, തന്തയടക്കം, അർത്ഥഭേദമോ അന്യവൽക്കരണമോ കാരണം നഷ്ടമായി. മീൻപിടിത്തം പോയി മത്സ്യബന്ധനമായി, കൂട്ടം പോയി സമ്മേളനമായി, കല്യാണം പോയി വിവാഹമായി, കൈയേറ്റം പോയി ബലാത്സംഗമായി, അതുപിന്നെ പീഡിപ്പിക്കലായി (പി.ഡി.ഡി.പി പാലുമായി ഇതിന് ബന്ധമുണ്ടോ എന്നാണ് ഒരു കാെച്ചു വിദ്യാർത്ഥി ഇൗയിടെ അച്ഛനമ്മമാരോട് ചോദിച്ചത്). നീണ്ടകാലം പോരാ, ദീർഘകാലം വേണമെന്നായി, പിരിഞ്ഞാൽ പറ്റില്ല, വിരമിക്കണം.
മലയാളത്തിലെ പാതി പദങ്ങളും നഷ്ടമായിക്കഴിഞ്ഞു. അതായത് ഭാഷ പാതിജീവനായിത്തീർന്നു. ഇക്കണക്കിനു പോയാൽ മരണം ആസന്നം. ഒരു ജാതി ഒരുമതം ഒരു ദൈവം എന്നത് അഖിലകേരളാടിസ്ഥാനത്തിൽ സഫലമാകണമെങ്കിൽ ഒരു ഭാഷ എന്ന ഏകകം കൂടാതെ കഴിയുമോ? ഗുരുവിന്റെ അരുളപ്പാടിൽ അത് വിട്ടുപോയത് പിൻപേ വരുന്നവർ പൂരിപ്പിച്ചുകൊള്ളുമെന്ന് കരുതിയാവില്ലേ? ഗുരുവിന്റെ ഇംഗിതമറിഞ്ഞ് ഇൗ ദൗത്യം ഏറ്റെടുത്ത് ഗുരുസങ്കല്പം പൂരിപ്പിക്കാൻ ആയുസ് നീക്കിവച്ചവരെ എങ്ങനെ മറക്കാൻ?
ഉപനിഷത്തുക്കളുടെ സാരാംശമറിഞ്ഞ യഥാർത്ഥ വേദാന്തിയായി ജീവിച്ചു എന്നതും സി.വിയെ ഓർമ്മിക്കാൻ മതിയായ കാരണമാണ്. ജീവിതത്തിൽ അദ്ദേഹം ആചരിച്ച അസാമാന്യമായ എളിമയും തൻവലിപ്പം കാട്ടായ്മയും വ്യാസസമാനമായ ചിരിയും മലയാളികൾക്കെന്നല്ല ലോകത്ത് ആർക്കും ഒരുപോലെ വഴികാട്ടികളാകാവുന്നവയാണ്. അറിവിന്റെ നിറവിൽ നിന്നല്ലാതെ ആ എളിമയും ഹാസവും ധൈര്യവും പുറപ്പെടുകയില്ല. ആ അടിത്തറയുടെ ഉയരമനുസരിച്ചേ ഏതൊരാൾക്കും ദൂരക്കാഴ്ചയും കിട്ടൂ.
ഏതാണ്ടൊരു നൂറ്റാണ്ടിനു മുമ്പത്തെ ലോകത്തിന്റെ പോക്കു നോക്കി സി.വി പറഞ്ഞുവച്ച കാര്യങ്ങൾ വള്ളിപുള്ളി വിടാതെ ശരിയായിത്തീർന്നിരിക്കയല്ലേ? സമുദായത്തെപ്പറ്റിയായാലും മതങ്ങളുടെ പുറപ്പാടിനെപ്പറ്റിയോ ഗാന്ധിജിയുടെ സമരമുറകളെപ്പറ്റിത്തന്നെയോ ആയാലും ഒട്ടും പിഴച്ചില്ല, സി.വിയുടെ ദൂരക്കാഴ്ചകൾ.
ഗുരുക്കൾ മിക്കവാറും ലഘുക്കളായി മാറുന്ന ഇൗ കാലത്ത് സി.വി ഒരു ഗുരുനാഥൻ എന്ന നിലയിലും പ്രാതസ്‌മരണീയനാണ്