
നെയ്യാറ്റിൻകര: മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്തതിനെ തുടർന്ന് നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവർ നെയ്യാറ്റിൻകര ടി.ബി ജംഗ്ഷൻ ചന്തയിലെ പുറകു വശത്ത് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു.
പരിസര മലിനീകരണം ഉണ്ടാകുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ നഗരസഭ തയ്യാറാകുന്നില്ല. മാലിന്യ സംസ്കരണ പ്ലാന്റ് യാഥാർത്ഥ്യമാകാത്തതിനെ തുടർന്നാണ് ഇവിടെ കുന്നുകൂടുന്ന മാലിന്യങ്ങൾ ചന്തയിൽ തന്നെ സംസ്കരിക്കാൻ തൊഴിലാളികൾ തയ്യാറായത്.
പേപ്പറുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഇറച്ചി - മത്സ്യ അവശിഷ്ടങ്ങൾ എന്നിവയാണ് ഇവിടെ കൂട്ടിയിട്ട് കത്തിക്കുന്നത്. ഇവയെല്ലാം കൂട്ടിയിട്ട് കത്തിക്കുന്നതിനെ തുടർന്നുണ്ടാകുന്ന രൂക്ഷമായ ദുർഗന്ധം പരിസരത്തെ വീടുകളിൽ താമസിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇവിടെ മാലിന്യങ്ങൾ കത്തിക്കുന്നത് ഒഴിവാക്കാൻ നഗരസഭ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.