1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ വൺവേ സംവിധാനം ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

ആലുംമൂട് ജംഗ്ഷൻ മുതൽ ആരംഭിക്കുന്ന വൺവേ സംവിധാനം ടി.ബി ജംഗ്ഷൻ ആശുപത്രി ജംഗ്ഷൻ വഴി തിരിഞ്ഞ് ആലുംമ്മൂട്ടിലാണ് എത്തിചേരുന്നത്. തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്ന എല്ലാ വാഹനങ്ങളും ടി.ബി ജംഗ്ഷനിൽ എത്തിയാൽ ഇടത്തോട്ട് തിരിഞ്ഞ് ആശുപത്രി ജംഗ്ഷൻ വഴി കടന്നു പോവുകയാണിപ്പോൾ. കാട്ടാക്കട ഭാഗത്തേക്ക് പോകാൻ ബസ് സ്റ്റാൻഡ് ജംഗ്ഷൻ വഴി വരുന്ന എല്ലാ വാഹനങ്ങളും ആലുംമൂട് വഴി ടി.ബി ജംഗ്ഷനിലൂടെ കടന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകണം. ഇപ്പോഴത്തെ അവസ്ഥയിൽ ടി.ബി ജംഗ്ഷനും ആശുപത്രി ജംഗ്ഷനും ആലുംമൂടിനും ഇടയ്ക്കുള്ള ഭാഗത്തു വലിയ തിക്കും തിരക്കുമാണ്.

ഇത് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളെ ബുദ്ധിമുട്ടിലാക്കുകയും ആംബുലൻസുകളെ പലപ്പോഴും ട്രാഫിക് കുരുക്കിൽപ്പെടുത്തുന്നതും പതിവാണ്. വൺവേ തുടങ്ങിയ സമയത്ത് വലിയ എതിർപ്പുകൾ വന്നെങ്കിലും പിന്നീട് ചില സ്വാധീനങ്ങൾ ഇതിന് തടയിട്ടു. രണ്ട് വലിയ വ്യാപാര സ്ഥാപനങ്ങൾക്ക് ഒത്താശ ചെയ്തു കൊണ്ടാണ് ഇപ്പോഴത്തെ വൺവേക്കു തുടക്കം കുറിച്ചതെന്നും ആക്ഷേപമുണ്ട്.
ഈ വ്യാപാര സ്ഥാപനങ്ങളിൽ തിരക്കില്ലാതെ വാഹനം കയറാനും, ഇറങ്ങാനും വൺവേ തുണയായി. ഇതേ സമയം ബഹു ഭൂരിപക്ഷം വരുന്ന മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും, വാഹന യാത്രക്കാർക്കും വലിയ ദുരിതമായി മാറിയിരിക്കുകയാണ്.