
ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ ഗേറ്റിൽ സിഗ്നൽ സിസ്റ്റം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കമേറെ. തിരുവനന്തപുരം -കൊല്ലം പാതയിൽ മറ്റ് പല റെയിൽവേ ഗേറ്റുകളിലും ഇൗ സംവിധാനം നിലവിൽ വന്നിട്ടും പെരുങ്ങുഴി മാത്രം അവഗണിക്കപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളും പരാതികളും റെയിൽവേ അധികൃതർക്ക് നൽകിയെങ്കിലും അവഗണനാ മനോഭാവം കാരണം നടപടി ഉണ്ടായില്ല.
മുരുക്കുംപുഴയ്ക്കും ചിറയിൻകീഴിനും ഇടയ്ക്കുളള 571-ാം നമ്പർ റെയിൽവേ ഗേറ്റായ പെരുങ്ങുഴിയിൽ സിഗ്നൽ സിസ്റ്റം ഇല്ലാത്തത് കാരണം യാത്രക്കാരും നാട്ടുകാരും അനുഭവിക്കുന്ന യാതനകൾ ചില്ലറയല്ല. ദിനം പ്രതി നൂറുക്കണക്കിന് യാത്രക്കാരാണ് ഇതു വഴി യാത്ര ചെയ്യുന്നത്. ജീവിതത്തിലെ വിലയേറിയ സമയം ഇവിടത്തെ ഗേറ്റുകൾക്ക് മുമ്പിൽ ഹോമിക്കാനാണ് ഇതു വഴിയുളള യാത്രക്കാരുടെ വിധി. കോവിഡിന് മുമ്പ് വരെ മൂന്നും നാലും ട്രെയിനുകൾക്ക് വരെ ഇവിടെ ഗേറ്റ് അടച്ചിടാറുണ്ട്. പലപ്പോഴും മുക്കാൽ മണിക്കൂറോളം ഇവിടെ കിടക്കേണ്ട അവസ്ഥ. ലോക്ക് ഡൗൺ കാലത്ത് ട്രെയിനുകൾ നിലച്ചതിനാൽ ഗേറ്റടവ് കുറവായിരുന്നു.
ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ഗേറ്റടവ് പഴയതുപോലെ യാത്രക്കാർക്ക് തലവേദനയായി മാറിയിട്ടുണ്ട്. കൊവിഡിന് മുമ്പ് വരെ ദിനം പ്രതി തൊണ്ണൂറോളം പ്രാവശ്യമാണ് ഇവിടെ ട്രെയിനുകൾക്കായി ഗേറ്റടച്ചിരുന്നത്. ഏറ്റവും കൂടുതൽ ട്രെയിനുകളുളള രാവിലെയും വൈകിട്ടുമാണ് ഗേറ്റടവ് കൂടുന്നത്. അത്യാസന്ന നിലയിലുളള രോഗികളെ പലപ്പോഴും സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. മാത്രവുമല്ല അത്യാവശ്യത്തിന് ഒാട്ടോ വിളിച്ചാൽ പോലും റെയിൽവേ ഗേറ്റ് കടന്ന് വരാൻ പലർക്കും മടിയാണ്.
പെരുങ്ങുഴി ആറാട്ട് കടവ്, ഇടഞ്ഞുംമ്മൂല കോളം, കുഴിയം കോളനി, പ്ലാവിന്റെമൂട് തുടങ്ങിയ പ്രദേശങ്ങളിലുളള നൂറുക്കണക്കിന് പേരാണ് ഇവിടം വഴി യാത്ര ചെയ്യുന്നത്. ആറാട്ട് കടവ്- കുഴിയം - അഴൂർ റോഡ് യാഥാർത്ഥ്യമാകുന്നതോടെ ഇതു വഴിയുളള വാഹന യാത്രക്കാരുടെ നിര ഇനിയും ഉയരും. ഇപ്പോൾ തന്നെ ഗേറ്റ് അടക്കുമ്പോൾ ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീണ്ട നിര പലപ്പോഴും കാണാം. ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും മനസിലാക്കി അടിയന്തരമായി ഇവിടെ സിഗ്നൽ സിസ്റ്റം സ്ഥാപിക്കുന്നതിനുളള നടപടികൾ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒാട്ടോമാറ്റിക് സിഗ്നൽ സിസ്റ്റം
ട്രെയിനുകൾ ഗേറ്റിന് തൊട്ടടുത്ത സ്റ്റേഷനിൽ എത്തുമ്പോൾ മാത്രം ഗേറ്റുകൾ അടച്ചാൽ മതി. ഒരു വേള ഗേറ്റ് അടച്ചില്ലെങ്കിൽ പോലും ട്രെയിനിന് സിഗ്നൽ കിട്ടാത്തതിനാൽ റെയിൽവേ ക്രോസ് കടന്ന് പോകില്ല. ഇത് അപകടം ഒഴിവാക്കും. ഇപ്പോൾ ഗേറ്റിൽ നിന്ന് രണ്ടും മൂന്നും സ്റ്റേഷൻ അകലെ ട്രെയിൻ എത്തുമ്പോൾ തന്നെ ഗേറ്റ് അടയ്ക്കേണ്ടി വരികയാണ്. അല്ലാത്ത പക്ഷം സ്റ്റേഷനുകളിൽ ട്രെയിനിന് സിഗ്നൽ ലഭിക്കില്ലെന്നതാണ് കാരണം. രണ്ടു ട്രെയിനുകൾ അടുപ്പിച്ച് വന്നാൽ ഗേറ്റ് അരമണിക്കൂർ മുതൽ മുക്കാൻ മണിക്കൂർ വരെ അടച്ചിടേണ്ടി വരും.