covid

കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ കാണിക്കുന്ന ഗുരുതരമായ അലംഭാവം സമൂഹത്തെയൊന്നാകെ അപകടത്തിലേക്ക് നയിക്കുമെന്ന് സൂചനയാണ് വർദ്ധിച്ചു വരുന്ന കൊവിഡ് കേസുകൾ കാണിച്ചു തരുന്നത്. സർക്കാരും ആരോഗ്യപ്രവർത്തകരും പൊലീസുമൊന്നും നല്‌കുന്ന മുന്നറിയിപ്പുകൾ പഴയതു പോലെ അനുസരിക്കുന്ന ശീലം കേരളീയർ കാണിക്കുന്നില്ല. ദിവസം തോറും കാണുന്ന ആൾക്കൂട്ടങ്ങൾ ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്. നഗരങ്ങളിൽ കടകളിലെ തിരക്കു കൂടാതെ പാതയോരങ്ങളിൽ കാണുന്ന 'ടേക്ക് എവേ' ഭക്ഷണശാലകൾക്ക് മുന്നിലും വൻ ജനക്കൂട്ടമാണ് കാണുന്നത്. ബീച്ചുകളിലും പാർക്കുകളിലും ആളുകൾ കൂട്ടം കൂടുന്നു. ഇക്കൂട്ടത്തിൽ കുട്ടികളെയും ധാരാളമായി കാണാം. കൊവിഡിനെ അത്രയൊന്നും പേടിക്കാനില്ലെന്ന മനോഭാവമാണ് ആളുകൾക്ക്. ഒരുകൂട്ടം ആളുകൾ ചെയ്യുന്ന ഈ ദ്രോഹപ്രവൃത്തി സ്വന്തം കുടുംബത്തെ മാത്രമല്ല, സമൂഹത്തെയൊന്നാകെ അപകടത്തിലേക്ക് തള്ളിവിടുന്നു. അതിനാൽ കർശനമായി ആളുകളെ നിയന്ത്രിക്കാൻ അധികൃതരും പൊലീസും മനസു വയ്‌ക്കണം. ഇല്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ഉറപ്പാണ്.

ജാസ്‌മിൻ ജേക്കബ്

പുനലൂർ

എണ്ണവില വർദ്ധനയ്ക്ക് കൂച്ചുവിലങ്ങിടൂ

എണ്ണവില 'വർദ്ധന" ഒരു നിയന്ത്രണവുമില്ലാതെ റോക്കറ്റു പോലെ കുതിച്ചുയരുമ്പോൾ ഇതിനെ കേന്ദ്ര സർക്കാരോ, പ്രധാന രാഷ്ട്രീയ പാർട്ടികളോ ക്രിയാത്മകമായി പ്രതിരോധിക്കുന്നില്ല. ജീവിതത്തിന്റെ സർവതോമുഖമായ പുരോഗമന പ്രവർത്തനങ്ങളേയും, ജനജീവിതത്തേയും ബാധിച്ചിട്ടും അധികാരികൾ ജനജീവിതത്തിന് പ്രാമുഖ്യം നൽകാതെ എണ്ണകമ്പനികൾക്ക് ഒത്താശ ചെയ്യുന്ന പ്രവണത അവസാനിപ്പിച്ചേ മതിയാകൂ.

കെ.എ. മണിയൻ

കാവാലം

ഒരേയൊരു വോട്ടർപട്ടിക വേണം

തദ്ദേശീയ, നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകൾക്ക് ദേശീയ ഇലക്‌ഷൻ കമ്മിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഉള്ളവരെ ഉൾക്കൊള്ളിച്ച് ഒരു വോട്ടർ പട്ടിക മാത്രമാക്കണം.

ഇക്കഴിഞ്ഞ തദ്ദേശീയ തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥനായിരുന്നു ഞാൻ. ഇലക്‌ഷൻ ഐ.ഡി കാർഡുമായി എത്തിയ പലരുടെയും പേരുകൾ പട്ടികയിൽ ഇല്ലായിരുന്നു. അവർ നിരാശരായി മടങ്ങി. ബുദ്ധിമുട്ടുകൾ സഹിച്ചെത്തിയ വയോധികരും രോഗികളും ഇക്കൂട്ടത്തിൽപ്പെടും.

ഈ സ്ഥിതിവിശേഷം ഇനി ഒരു തിരഞ്ഞെടുപ്പിലും ഉണ്ടാകരുത്. 18 വയസ് പൂർത്തീകരിച്ച ഐ.ഡി കാർഡ് കൈവശം ഉള്ളവരെയെല്ലാം ഉൾപ്പെടുത്തി ഒരേയൊരു വോട്ടർപട്ടിക നിലവിൽ വരണം. ഇതിലൂടെ ജനങ്ങളുടെ ബുദ്ധിമുട്ടും വോട്ടർ പട്ടികയിലെ ഇരട്ടിപ്പും ഇല്ലാതാക്കാൻ കഴിയും.

സുനിൽ. എസ്.

വക്കം