musk

ലോക കോടീശ്വരനും ടെസ്‌ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകൻ ഇലോൺ മസ്കിന്റെ 'ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പുകൾ' മനുഷ്യരിൽ ഈ വർഷം തന്നെ പരീക്ഷിച്ചേക്കുമെന്ന് റിപ്പോർട്ട്. നിർമ്മിതബുദ്ധിയുടെ സഹായത്താൽ മനുഷ്യനെയും കമ്പ്യൂട്ടറിനെയും ബന്ധിപ്പിക്കാനുള്ള പരീക്ഷണങ്ങൾ ലക്ഷ്യമിട്ട് 2016ൽ മസ്ക് സ്ഥാപിച്ച ' ന്യൂറാലിങ്ക് ' സംരംഭം ആണ് ഈ ബ്രെയ്ൻ ചിപ്പുകൾക്ക് പിന്നിൽ.

മനുഷ്യരെയും യന്ത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഹൈ ബാൻഡ്‌വിഡ്‌ത്ത് ബ്രെയ്ൻ - മെഷീൻ ഇന്റർഫേസുകൾ വികസിപ്പിക്കുന്നത് സംബന്ധിച്ച ഗവേഷണത്തിലാണെന്നും ഇത് വഴി മനസുകൊണ്ടും ചിന്തകൾ കൊണ്ടും മനുഷ്യനും ഉപകരണങ്ങളും തമ്മിൽ ആശയവിനിമയം സാദ്ധ്യമാകുമെന്നും മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി പറയുന്നു. പരിധികളില്ലാത്ത ഈ ഉപകരണം മനുഷ്യന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധിയെ മറികടക്കാൻ സഹായിക്കുമെന്ന് മസ്ക് മുമ്പ് പറഞ്ഞിരുന്നു.

ഇംപ്ലാന്റിന്റെ സുരക്ഷയ്ക്കായി ന്യൂറാലിങ്ക് അതിതീവ്രമായ പ്രയത്നത്തിലാണെന്നും യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങൾ ഈ വർഷം അവസാനത്തോടെ തുടങ്ങാൻ കഴിയുമെന്നും മസ്ക് സൂചിപ്പിച്ചു. മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ പുനരുജ്ജീവിപ്പിച്ച് രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ചിപ്പിന് കഴിഞ്ഞേക്കുമെന്ന് മസ്ക് മുമ്പ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ന്യൂറാലിങ്കിന്റെ ചിപ്പ് കുരങ്ങിൽ സ്ഥാപിച്ചുള്ള പരീക്ഷണം പുരോഗമിക്കുകയാണ്.

മസ്തിഷ്കത്തിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ വയർലെസ് ചിപ്പിന്റെയും ഒപ്പം ചെറു വയറുകളുടെയും സഹായത്തോടെ കുരങ്ങിന് സ്വന്തം മനസ്സു കൊണ്ടു മാത്രം വീഡിയോ ഗെയിം നിയന്ത്രിക്കാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഭാവിയിൽ ഇത്തരം സാങ്കേതികവിദ്യയിലൂടെ മനുഷ്യന് തന്റെ ഓർമ്മകൾ ശേഖരിക്കാനും അവ 'റീസ്റ്റോർ' ചെയ്യാനാകുമെന്നും മസ്ക് പ്രവചിച്ചിരുന്നു. ചിപ്പിലൂടെ തളർവാത രോഗികൾക്കും മറ്റും പരസഹായമില്ലാതെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് മസ്ക് ചൂണ്ടിക്കാട്ടുന്നത്.