
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) മേൽനോട്ടത്തിലുള്ള ടെക്‌നോളജി സ്റ്റാർട്ടപ്പായ എംബ്രൈറ്റ് ഇൻഫോടെക്കിനെ ജിയോ ജെൻനെക്സ്റ്റ് ബെയ്സ് ക്യാമ്പിന്റെ പതിമൂന്നാം ബാച്ചിലേക്ക് തിരഞ്ഞെടുത്തു. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ആക്സിലറേറ്റർ പ്രോഗ്രാമാണിത്.
വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, നിർമ്മിതബുദ്ധി എന്നിവയ്ക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന എംബ്രൈറ്റ് ഇൻഫോടെക്കിനെ മാത്രമാണ് സംസ്ഥാനത്തു നിന്നും തിരഞ്ഞെടുത്തത്.
പതിമൂന്നാം ബാച്ചിൽ റീട്ടെയിൽ, സപ്ലൈ ചെയിൻ, സംരംഭം, ഡിജിറ്റൽ ടൂൾസ്, ഹെൽത്ത് അഗ്രി ടെക് മേഖലകളിലെ വൈദഗ്ദ്ധ്യവുമായി ഇന്ത്യയിൽ നിന്നും പതിനൊന്ന് സ്റ്റാർട്ടപ്പുകളാണ് പങ്കെടുക്കുന്നത്. ഓട്ടിസം സ്‌പെക്ട്രം ഡിസോർഡറുള്ളവരുടെ പ്രത്യേക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി ഓട്ടികെയർ എന്ന സാങ്കേതിക പഠനസഹായി എംബ്രൈറ്റ് ഇൻഫോടെക് വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ നൈപുണ്യ പരിശീലനമാണ് നൽകുന്നത്. സത്യനാരായണൻ എ.ആർ ആണ് എംബ്രൈറ്റ് ഇൻഫോടെക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. ബോബിൻ ചന്ദ്ര സഹസ്ഥാപകനാണ്.