sreedevi

രാജമൗലിക്കെതിരെ

ആരോപണവുമായി ബോണികപൂർ

രാജമൗലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബോളിവുഡ് നിർമ്മാതാവും അന്തരിച്ച സൂപ്പർ നായിക ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ, സിനിമാരംഗത്തെ മുതിർന്ന വ്യക്തിത്വങ്ങളെ ബഹുമാനിക്കാനറിയാത്ത ഫിലിം മേക്കറാണ് രാജമൗലിയെന്നാണ് ഒരു തെലുങ്ക് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ബോണി കപൂർ കുറ്റപ്പെടുത്തിയത്.

തന്നെ അറിയിക്കാതെ ആർ.ആർ. ആർ എന്ന ചിത്രം ഒക്ടോബർ 13ന് റിലീസ് ചെയ്യുമെന്ന് രാജമൗലി പ്രഖ്യാപിച്ചതാണ് ബോണി കപൂറിനെ ചൊടിപ്പിച്ചത്.

അജയ് ദേവ് ഗണിനെ നായകനാക്കി താൻ നിർമ്മിക്കുന്ന മൈതാൻ എന്ന ചിത്രം ഒക്ടോബർ 13ന് റിലീസ് ചെയ്യാൻ ബോണി കപൂർ നിശ്ചയിച്ചിരുന്നു. അതേ ഡേറ്റിൽ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ രാജമൗലി ചിത്രം റിലീസ് ചെയ്താൽ അത് തന്റെ ചിത്രത്തിന്റെ ഓപ്പണിംഗിനെയും കളക്ഷ‌നെയും ബാധിക്കുമെന്ന് ബോണി കപൂർ ഭയക്കുന്നുണ്ട്.

രാംചരൺ തേജയും ജൂനിയർ എൻ.ടി. ആറും ആലിയ ഭട്ടും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന രാജമൗലി ചിത്രത്തിൽ അജയ് ദേവ്‌ഗണും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

രാജമൗലിയുമായി ബാഹുബലിയുടെ ചിത്രീകരണ സമയത്ത് തന്നെ ബോണി കപൂർ സ്വരചേർച്ചയിലായിരുന്നില്ലെന്നാണ് പുതിയ വിവാദത്തിന്റെ യഥാർത്ഥ കാരണമായി പറഞ്ഞുകേൾക്കുന്നത്. ബാഹുബലിയിൽ രമ്യാകൃഷ്ണൻ അവതരിപ്പിച്ച ശിവകാമി എന്ന കഥാപാത്രമാകാൻ ശ്രീദേവിയെയാണ് രാജമൗലി നേരത്തെ നിശ്ചയിച്ചിരുന്നത്. ബാഹുബലിയുടെ തിരക്കഥ ഇഷ്ടമായ ശ്രീദേവി രാജമൗലിക്ക് ക്രിയാത്മകമായ ചില നിർദ്ദേശങ്ങളും നൽകിയിരുന്നു. എന്നാൽ പ്രതിഫലത്തർക്കത്തെ തുടർന്ന് ശ്രീദേവി ബാഹുബലിയിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് രാജമൗലി ശ്രീദേവിക്കെതിരെ അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നുവെന്ന് ബോണി കപൂർ പറഞ്ഞിരുന്നു. വൻ താരമായിരുന്ന ശ്രീദേവിയെ നാമമാത്ര പ്രതിഫലം നൽകി അപമാനിക്കാനായിരുന്നു രാജമൗലിയുടെ ശ്രമമെന്നും ബോണികപൂർ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ അന്നും ഇന്നും ബോണി കപൂർ ഉയർത്തിയ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കാൻ രാജമൗലി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.