red-button

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി തലസ്ഥാന നഗരിയിൽ സ്ഥാപിച്ച റെഡ് ബട്ടൺ നോക്കുകുത്തി.

കവടിയാർ സിഗ്നലിന് സമീപം സ്ഥാപിച്ച യന്ത്രത്തിന്റെ പ്രവർത്തനമാണ് നിലച്ചത്. കാഞ്ഞിരംപാറ കോളനിയിലെ വീട്ടിൽ നിന്ന് ബന്ധുക്കൾ ഇറക്കിവിട്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി കവടിയാറെത്തിയ അമ്മയും മകളും ആശ്രയത്തിനായി ബട്ടൺ അമർത്തിയപ്പോഴാണ് സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന് വ്യക്തമായത്.

കാഞ്ഞിരംപാറ വി.കെ.പി നഗർ കോളനിയിലെ താമസക്കാരായ രതി, മകൾ മേഴ്സി എന്നിവർക്കാണ് പൊലീസിന്റെ അടിയന്തര സേവനത്തിനായി ഒന്നരമണിക്കൂർ കാത്തുനിൽക്കേണ്ടിവന്നത്. വഴിത്തർക്കത്തെ തുടർന്നാണ് ഇവരെ ബന്ധുക്കൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. ആദ്യം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ട ഇവർ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് റെഡ് ബട്ടണിന്റെ സഹായം തേടിയത്. എന്നാൽ ബട്ടൺ അമർത്തിയപ്പോൾ പ്രവർത്തന രഹിതമാണെന്ന സന്ദേശമാണ് ലഭിച്ചത്. തുടർന്ന് യാത്രക്കാരുടെ സഹായത്തോടെ പിങ്ക് പൊലീസിനെ വിവരമറിയിച്ചു. പിന്നാലെയെത്തിയ മ്യൂസിയം, പേരൂർക്കട പൊലീസ് ഇടപെട്ടതോടെ ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവരെ ഇറക്കിവിട്ട ബന്ധുക്കൾക്കെതിരെ വട്ടിയൂർക്കാവ് സ്റ്റേഷനിൽ കേസ് രജിസ്റ്രർ ചെയ്തിട്ടുണ്ട്.

സ്ഥാപിച്ചത് കഴിഞ്ഞ ഒക്ടോബറിൽ

കഴിഞ്ഞ ഒക്ടോബറിലാണ് കവടിയാറിൽ റെഡ് ബട്ടൺ സംവിധാനം സ്ഥാപിച്ചത്. പൊലീസ് കൺട്രോൾ റൂമിനാണ് ഇതിന്റെ പ്രവർത്തനച്ചുമതല. കഴിഞ്ഞ ഒരു മാസക്കാലമായി സംവിധാനം പ്രവർത്തിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ റെഡ് ബട്ടണിന്റെ അറ്റകുറ്റപ്പണികൾക്കായി ശ്രമം നടക്കുകയാണെന്നും ഉടൻ പ്രവർത്തനസജ്ജമാകുമെന്നും അധികൃതർ അറിയിച്ചു.

 റെഡ് ബട്ടൺ

റെഡ് ബട്ടണിന്റെ നിരീക്ഷണപരിധിയിൽ അപകടങ്ങളോ കുറ്റകൃത്യങ്ങളോ നടന്നാൽ പൊതുജനങ്ങൾക്ക് ഈ യന്ത്രത്തിലെ ചുവന്ന ബട്ടൺ അമർത്താം. അപകടസമയത്തുള്ള മുഴുവൻ ദൃശ്യങ്ങളും ശബ്ദവും പൊലീസ് കൺട്രോൾ റൂമിലും പട്രോളിംഗ് വാഹനത്തിലും ലഭിക്കും. പൊലീസിനോട് നേരിട്ട് സംസാരിക്കാനുമാകും. മിനിട്ടുകൾക്കകം പൊലീസ്‌സംഘം സ്ഥലത്തെത്തും വിധമാണ് യന്ത്രത്തിന്റെ പ്രവർത്തനം.