
മംഗളൂരു: മുംബൈയിൽ നിന്ന് വരുത്തുന്ന മയക്കുമരുന്നുകൾ കേരളത്തിലേക്ക് അയക്കുന്ന സംഘത്തെ 75 ലക്ഷം രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശികളായ ഷാക്കിർ (35), ജുനൈദ്(32), നൈജീരിയ സ്വദേശികളായ ആൽബർട്ട് ജൂനിയർ(43), ഹെൽസൺ ഹെന്റി കൊപ്പി(34) എന്നിവരാണ് ബംഗളൂരു രാമമൂർത്തി നഗറിൽ അറസ്റ്റിലായത്.
വിവരം ലഭിച്ചതനുസരിച്ച് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് ബ്രൗൺ എം.ഡി.എം.എയുടെ 600 ക്രിസ്റ്റലുകളും വെള്ള എം.ഡി.എം.എയുടെ 400 ക്രിസ്റ്റലുകളും പിടികൂടിയതായി സി .സി. ബി ഇൻസ്‌പെക്ടർ ആർ. വിരുപ്രകാശ് സ്വാമി പറഞ്ഞു. നാലുപേരുടേയും മൊബൈൽഫോണുകളും ബൈക്കുകളും കസ്റ്റഡിയിലെടുത്തു. നൈജീരിയക്കാർ പാസ്‌പോർട്ട് കൈമാറാൻ കൂട്ടാക്കുന്നില്ല. ഇവ ലഭിക്കാൻ ഉചിതവഴി തേടും. നൈജീരിയ സ്വദേശികൾ ബിസിനസ് വിസയിലാണ് ഇന്ത്യയിൽ എത്തിയത്. കാലാവധി കഴിഞ്ഞും ഇവിടെ തുടരുകയാണ്. കർണാടകയിലെ മെഡിക്കൽ, എൻജിനീയറിംഗ് കോളജുകളിൽ വിതരണം നടത്തുകയും കേരളത്തിൽ ആവശ്യക്കാർക്ക് എത്തിക്കുകയുമാണ് സംഘം ചെയ്യുന്നത്. നൈജീരിയക്കാരിൽ നിന്ന് 100 ഗ്രാം ലഹരി വാങ്ങിയ ശകീറും ജുനൈദും തുടർന്ന് അവരുമായി സൗഹൃദം സ്ഥാപിക്കുകയും വിപണന ശൃംഖലയിൽ കണ്ണികളാവുകയുമായിരുന്നു.