
ഭക്ഷ്യകിറ്റിൽ 1000 രൂപയുടെ ഇനങ്ങൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിലിൽ റേഷൻകടകൾ വഴി സൗജന്യ ഉത്സവ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ. ആയിരം രൂപയോളം മൂല്യമുള്ള പത്തിനം സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്താനാണ് ആലോചന. ഏതൊക്കെ സാധനങ്ങൾ എത്ര അളവിൽ ഉൾപ്പെടുത്താനാകുമെന്ന് അറിയിക്കാൻ സപ്ളൈകോയോട് ഭക്ഷ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
ഡിസംബറിൽ ക്രിസ്‌മസ് സ്പെഷ്യൽ ആയാണ് കിറ്റ് വിതരണം ചെയ്തത്. ഏപ്രിൽ വരെ എല്ലാ മാസവും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാൻ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. ഏപ്രിൽ നാലിനാണ് ഈസ്റ്റർ; 14ന് വിഷുവും. അടുത്ത ദിവസം റംസാൻ വ്രതം ആരംഭിക്കും. അതുകൊണ്ടാണ് പൊതുവായി ഉത്സവകിറ്റ് നൽകുന്നത്. ഈസ്റ്ററിനു മുമ്പ് എല്ലാവർക്കും കിറ്റ് എത്തിക്കുവാൻ കഴിയില്ലെങ്കിലും വിഷുവിനു മുമ്പ് പരമാവധി കാർഡ് ഉടമകൾക്ക് ലഭിക്കുന്ന വിധത്തിലാകും വിതരണം.
ഈ മാസം മുതൽ മുൻഗണനേതര കാർഡുകാർക്ക് (നീല, വെള്ള) 10 കിലോ വീതം അരി 15 രൂപ നിരക്കിൽ നൽകും. ഭക്ഷ്യകിറ്റും ക്ഷേമപെൻഷൻ വർദ്ധിപ്പിച്ച് കൃത്യമായി നൽകിയതും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ സഹായിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സൗജന്യം തുടരുന്നത്.