doctors

തിരുവനന്തപുരം: ശമ്പള കുടിശികയും ശമ്പളപരിഷ്കരണവും ആവശ്യപ്പെട്ട് സമരം ചെയ്യാനിറങ്ങുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരെ നേരിടാൻ സർക്കാർ നീക്കം തുടങ്ങി. സമരം നടത്തുന്ന ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ വിജിലൻസിനെ ചുമതലപ്പെടുത്തിയെന്നാണ് അറിയുന്നത്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ പട്ടിക തയ്യാറാക്കി വിജിലൻസ് അന്വേഷണം നടത്തും. ഗുരുതര വീഴ്ച കണ്ടെത്തുന്ന ഡോക്ടർമാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. രജിസ്റ്ററിൽ ഒപ്പിട്ടശേഷം വിദ്യാർത്ഥികളെ പഠിപ്പിക്കാതെ മുങ്ങുന്ന ഡോക്ടർമാർക്കെതിരെയും നടപടിയുണ്ടാകും. പഠിപ്പിക്കാത്ത ഡോക്ടർമാരുടെ പട്ടിക നൽകാൻ പ്രിൻസിപ്പൽമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇത്തരം ചില ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിലും വീടുകളിലും ചികിത്സ നടത്തുന്നതായി ആരോപണമുയർന്നിട്ടുണ്ട്.

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളക്കുടിശിക നൽകിയിട്ടില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശികയും സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണനയാണിതെന്ന് സർക്കാർ ഡോക്ടർമാർ ആരോപിക്കുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ 9 മുതൽ കടുത്ത സമരനടപടികളിലേക്ക് കടക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.