
തൂക്കുപാലം: തൂക്കുപാലത്തു വർക്ക്ഷോപ്പിനുള്ളിൽ സൂക്ഷിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും പൂർണമായി കത്തിനശിച്ചു. ലക്ഷകണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായത്. മേഖലയിൽ ഒരാഴ്ചക്കിടെ വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുന്നത് രണ്ടാമത്തെ സംഭവമാണ്. ഓട്ടോറിക്ഷയ്ക്ക് തീപിടിത്തമുണ്ടായ തേഡ്ക്യാമ്പിലും തൂക്കുപാലത്തും ഫോറൻസിക് വിഭാഗം എത്തി പരിശോധന നടത്തി. ഇന്നലെ രാത്രിയിൽ വർക്സ് ഷോപ്പിലെ ജോലിക്കു ശേഷം ഉടമ പുറത്തുപോയ സമയത്താണ് സാമുഹ്യ വിരുദ്ധർ തീയിട്ടത്. സമീപത്ത് നിരവധി വീടുകളുണ്ട്. പ്രദേശവാസികളുടെ സമയോചിത ഇടപെടലിലാണ് അപകടം ഒഴിവായത്. പരാതിയെ തുടർന്നു നെടുങ്കണ്ടം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം തേഡ് ക്യാമ്പിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചിരുന്നു. ഈ സംഭവമായി ബന്ധപ്പെട്ടാണ് തൂക്കുപാലത്തും ഓട്ടോറിക്ഷക്കു തീയിട്ടതെന്ന ആരോപണം ഉയർന്നു. തേഡ്ക്യാമ്പിൽ ഓട്ടോറിക്ഷക്കു തീയിട്ടശേഷം വീടിനു സമീപത്തേക്ക് തീപിടിച്ച ഓട്ടോറിക്ഷ തള്ളിയിട്ടിരുന്നു. തേഡ്ക്യാമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. കഴിഞ്ഞ ദിവസം പുലർച്ചെ ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് ഓട്ടോറിക്ഷ കത്തുന്നത് കണ്ടത്. ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചിരുന്നു. പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വീണ്ടും ഓട്ടോറിക്ഷയ്ക്കു തീയിട്ടത്.